
എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽ കുമാർ കലക്ടർക്കു മുൻപിൽ പത്രിക സമർപ്പിച്ചു. പടിഞ്ഞാറേക്കോട്ടയിൽ നിന്ന് പ്രകടനമായി പ്രവർത്തകർക്കൊപ്പമാണ് സ്ഥാനാർഥി കലക്ടറേറ്റിലേക്ക് എത്തിയത്. സുനിൽകുമാറിനൊപ്പം എൽഡിഎഫ് ലോക്സഭാ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, മന്ത്രി കെ.രാജൻ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ എന്നിവരും വരണാധികാരിയായ കലക്ടറുടെ ചേംബറിൽ കയറി. മന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ കലക്ടറേറ്റിൽ എത്തിയിരുന്നെങ്കിലും വരണാധികാരിയുടെ മുറിയിൽ കയറുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുള്ളതിനാൽ കയറിയില്ല.
3 സെറ്റ് പത്രികകളാണ് സുനിൽ കുമാറിനു വേണ്ടി സമർപ്പിച്ചത്. ഡമ്മി സ്ഥാനാർഥിയുടെ 4 സെറ്റ് പത്രികകളും സമർപ്പിച്ചിട്ടുണ്ട്
ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന് ആകെ 3,66,165 രൂപയുടെയും ഭാര്യ രേഖയ്ക്ക് 8,32,065 രൂപയുടെയും സ്വത്ത് ഉണ്ടെന്നാണ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. സ്വന്തമായി കയ്യിൽ 4,780 രൂപയും ഭാര്യയുടെ കയ്യിൽ 1,575 രൂപയും ഉണ്ട്. ബാങ്കുകളിലും ട്രഷറിയിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലുമായി സുനിൽകുമാറിന് 1,29,385 രൂപയും ഭാര്യയ്ക്ക് 80,490 രൂപയും ഉണ്ട്. രേഖയ്ക്ക് 2,50,000 രൂപയുടെ ഇൻഷുറൻസ് നിക്ഷേപം ഉണ്ട്.
സുനിലിന് 1.50 ലക്ഷം വില വരുന്ന മാരുതി സ്വിഫ്റ്റ് കാറും 30,000 രൂപ മതിക്കുന്ന അംബാസഡർ കാറും ഉണ്ട് എന്ന് കാണിച്ചിട്ടുണ്ട്. 50,000 രൂപ മൂല്യം വരുന്ന 8 ഗ്രാം സ്വർണമാണ് സുനിൽ കുമാറിന്റെ കൈവശമുള്ളത്. 5 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണമാണ് ഭാര്യയുടെ പേരിലുള്ളത്. 6.32 ലക്ഷം രൂപ വില മതിക്കുന്ന സ്ഥലം സ്വന്തമായി ഉള്ളത് പാരമ്പര്യമായി കിട്ടിയതാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

