ആദ്യകാല ക്രിക്കറ്ററും കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മുൻ രഞ്ജി താരവും പാലിയം കുടുംബത്തിലെ വലിയച്ചനുമായ പി. രവിയച്ചൻ (96) അന്തരിച്ചു. തൃപ്പൂണിത്തുറ കോട്ടയ്ക്കകം ലോട്ടസ് നന്ദനം അപ്പാർട്ട്മെന്റിലായിരുന്നു താമസം. പ്രമുഖ സാംസ്കാരിക പ്രവർത്തകനുമാണ്. ചേന്ദമംഗലം പാലിയം കുടുംബത്തിലെ ഏറ്റവും തലമുതിർന്ന അംഗവും പാലിയത്ത് വലിയച്ചനുമാണ്.
1952-ൽ തിരുവനന്തപുരത്ത് മൈസൂരുവിനെതിരേ തിരുവിതാംകൂർ-കൊച്ചിക്കു വേണ്ടിയായിരുന്നു രവിയച്ചന്റെ രഞ്ജി ട്രോഫി അരങ്ങേറ്റം. 1000 റൺസും 100 വിക്കറ്റും തികയ്ക്കുന്ന ആദ്യ കേരള ക്രിക്കറ്ററാണ്. ആർ.എസ്.എസ്. എറണാകുളം ജില്ലാ സംഘചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ്, കുരുക്ഷേത്ര പ്രകാശൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ കഥകളി കേന്ദ്രം, ശ്രീപൂർണത്രയീശ സംഗീത സഭ, ശ്രീപൂർണത്രയീശ സേവാസംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നീ സംഘടനകളുടെ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്. കൊച്ചി ഇളയ തമ്പുരാൻ അനിയൻകുട്ടൻ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928-ലാണ് രവിയച്ചന്റെ ജനനം.
ഭാരതീയ ഇതിഹാസങ്ങളോടൊപ്പം ലോക സാഹിത്യവും അറിഞ്ഞ വായനാ വിശാലതയുണ്ടായിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു. 1952 മുതൽ 1970 വരെ കേരളത്തിനു വേണ്ടി ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചു. ടെന്നീസ്, ഷട്ടിൽ, ടേബിൾ ടെന്നീസ്, ബോൾ ബാഡ്മിന്റൺ തുടങ്ങി വിവിധ കായിക വിനോദങ്ങളിലും ഒരേപോലെ നേട്ടം കൈവരിച്ചിട്ടുണ്ട്.
കേരള സംസ്ഥാന രൂപവത്‌കരണത്തിനുശേഷം 1957-ൽ തിരുവിതാംകൂർ-കൊച്ചി ക്രിക്കറ്റ് ടീമിന്റെ പേര് കേരള എന്നാക്കിയപ്പോൾ രവിയച്ചൻ കേരളത്തിനുവേണ്ടി കളിച്ചു. 41-ാം വയസ്സിൽ ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 1960-ൽ ആന്ധ്രപ്രദേശിനെതിരേയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിങ് (34-6). ലോകത്തിലെ ഏറ്റവും പഴക്കമുള്ള പരിമിത ഓവർ ടൂർണമെന്റുകളിലൊന്നായ തൃപ്പൂണിത്തുറയിലെ പൂജാ ക്രിക്കറ്റ് ടൂർണമെന്റിലും ആദ്യകാലത്ത് കളിച്ചിരുന്നു.
1952 മുതൽ 1970 വരെ തിരുവിതാംകൂർ-കൊച്ചി, കേരള ടീമുകൾക്കായി 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രാഥമികമായി ലെഗ് സ്പിന്നറായ അദ്ദേഹം 125 വിക്കറ്റുകളും 1107 റൺസും നേടി. കേരള ക്രിക്കറ്റ് അസോസിയേഷൻ നൽകുന്ന മികച്ച സ്പിൻ ബൗളർക്കുള്ള പുരസ്കാരം രവിയച്ചന്റെ പേരിലാണ്.
മകൻ: കേരള രഞ്ജി താരവും മുൻ സെലക്ടറുമായ രാംമോഹൻ (റിട്ട. എസ്.ബി.ഐ), മരുമകൾ: ഷൈലജ.
പി. രവിയച്ചന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ചേന്ദമംഗലം പാലിയം കുടുംബ ശ്മശാനത്തിൽ.