March 14, 2026

മുൻഗണനാ കാർഡ് മസ്റ്ററിങ്; ഞായർ വരെ റേഷൻ വിതരണമില്ല

Share this News

സംസ്ഥാനത്തെ റേഷൻകടകളിൽ ഇന്നു മുതൽ ഞായർ വരെ റേഷൻ വിതരണം ഉണ്ടാകില്ല.  മുൻഗണനാ കാർഡുകളുടെ ഇ–കെവൈസി മസ്റ്ററിങ് ഈ ദിവസങ്ങളിൽ നടക്കുന്നതിനാലാണിത്. രാവിലെ 8 മുതൽ വൈകിട്ട് 7 വരെയാണ് റേഷൻ കടകൾക്ക് സമീപമുള്ള അങ്കണവാടികൾ, ഗ്രന്ഥശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ക്യാംപുകൾ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കാർഡും ആധാർ കാർഡുമായി മസ്റ്ററിങ്ങിന് എത്തണമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
സ്ഥല സൗകര്യമുള്ള റേഷൻകടകളിൽ അവിടെ തന്നെ മസ്റ്ററിങ് നടത്തും. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിങ് നടത്തണം. ഞായർ അവധിദിനമാണെങ്കിലും റേഷൻ കടകൾ മസ്റ്ററിങ്ങിനായി പ്രവർത്തിക്കും. ഇ–കെവൈസി അപ്ഡേഷൻ സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്സിഡി ക്ലെയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ–കെവൈസി മസ്റ്ററിങ് നടത്താൻ സാധിക്കുകയുള്ളൂ.  ഇക്കാരണത്താലാണ് റേഷൻ വിതരണം നിർത്തി വച്ച് മസ്റ്ററിങ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

മേൽപ്പറഞ്ഞ തീയതികളിൽ മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം ഇതിനായി സൗകര്യമൊരുക്കും. സംസ്ഥാനത്തെ ഏത് റേഷൻ കടകളിലും ഏതു മുൻഗണനാ കാർഡുകാർക്കും മസ്റ്ററിങ് നടത്താം. കിടപ്പുരോഗിക‍ൾക്കും സ്ഥലത്തില്ലാത്തവർക്കും മസ്റ്ററിങ്ങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികൾക്കും വിരലടയാളം പതിയാത്തവർക്കും പിന്നീട് മസ്റ്ററിങിന് അവസരം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!