
ചുവന്നമണ്ണ് ഗലീലിയൻ സെന്ററിൽ പാത്രിയർക്കീസ് ബാവായ്ക്ക് ഊഷ്മള വരവേൽപ്.
പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്കു യാക്കോബായ സഭയുടെ തൃശൂർ ഭദ്രാസന ആസ്‌ഥാനമായ ചുവന്നമണ്ണ് ഗലീലിയൻ സെന്ററിൽ പ്രൗഢ ഗംഭീര സ്വീകരണം. ഇന്നലെ വൈകിട്ടു മൂന്നരയോടെ ഗലീലിയൻ സെൻ്ററിലെത്തിയ ബാവായെ തൃശൂർ ഭദ്രാസനാധിപൻ – ഡോ.കുര്യാക്കോസ് മാർ ക്ലിമ്മീസ് കാപ്പ അണിയിച്ചു സ്വീകരിച്ചു. തുടർന്നു തുറന്ന വാഹനത്തിൽ യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനൊപ്പം അദ്ദേഹം സ്വീകരണ വേദിയിലെത്തി. ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വൈദികർ, വനിതാസമാജം അംഗങ്ങൾ, സൺഡേസ്‌കൂൾ വിദ്യാർഥികൾ, ശുശ്രൂഷകർ തുടങ്ങിയവർ ഇരുവശത്തും പാത്രിയർക്കാ പതാകകളുമായി അണി നിരന്നു. എൻസിസിയുടെ ഗാർഡ് ഓഫ് ഓണറും സ്‌കൗട്ടിൻ്റെ ബാൻഡ് മേളവും അകമ്പടിയായി. തുടർന്നു നടന്ന സ്വീകരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എംഎൽഎ
ഉദ്ഘാടനം ചെയ്തു.ക്രൈസ്തവ സമൂഹം എല്ലാക്കാലത്തും പ്രതിസന്ധികളിലൂടെയാ ണു കടന്നു പോയിട്ടുള്ളതെന്നും ഇന്നും രാജ്യത്തെ ക്രൈസ്തവരും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രതിസന്ധി കാലം മറികടക്കാൻ ‘ഭയപ്പെടേണ്ട ഞാൻ നിങ്ങളോടു കൂടിയുണ്ട്’ എന്ന ദൈവ വചനത്തിലുള്ള ആത്മവിശ്വാസമുണ്ടാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു. യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് അധ്യക്ഷനായിരുന്നു. ഗലീലിയൻ സെന്ററിൽ നിർമിക്കുന്ന സെന്റ് ജോസഫ്സ് യാക്കോബായ പള്ളിയുടെ ശിലാ സ്‌ഥാപനം പാത്രിയർക്കീസ് ബാവാ നിർവഹിച്ചു. അങ്കമാലി ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സേവേറിയോസ്, ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്, യെൽദോ മാർ തീത്തോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, ഏലിയാസ് മാർ യൂലിയോ സ്, പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറിമാരായ മാർക്കോസ് മാർ ക്രിസ്റ്റഫോറസ്, കൗരി മാർ ഔഗേൻ, ഭദ്രാസന സെക്രട്ടറി ഫാ.ജയ്‌സൺ ജോൺ, കൽദായ സഭ ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, മേയർ എം.കെ. വർഗീസ് എന്നിവരും വിവിധ കോറെപ്പിസ്കോപ്പമാരും വൈദികരും പങ്കെടുത്തു.
തൃശൂർ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ ചടങ്ങിനെത്തിയിരുന്നു. തൃശൂർ ഭദ്രാസനം, ക്ലർജി
അസോസിയേഷൻ, മാർത്ത മറിയം വനിതാ സമാജം, സൺഡേസ്കൂൾ അസോസിയേഷൻ, യുവജന സംഘടന, സഭാ മാനേജിങ് കമ്മിറ്റി തുടങ്ങിയവയുടെ ഉപഹാരങ്ങൾ പാത്രിയർക്കീസ് ബാവായ്ക്കു സമ്മാനിച്ചു. തൃശൂരിലെ 2 ദിവസത്തെ സന്ദർശനംപൂർത്തിയാക്കിയ ബാവാ തുടർന്ന് എറണാകുളത്തേക്കു തിരിച്ചു.


https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
