മത്സരാധിഷ്ഠിത ലോകത്തെ അനാരോഗ്യമത്സരങ്ങളെക്കുറിച്ച് ‘പരീക്ഷാ പേ ചർച്ച’യിൽ പ്രധാനമന്ത്രിയോട് ചോദ്യമുയർത്തി താരമായി കോഴിക്കോട്ടുകാരി സ്വാതി ദിലീപ്.മത്സരാധിഷ്ഠിത ലോകത്തെ അനാരോഗ്യമത്സരങ്ങളും സമപ്രായക്കാരിൽനിന്നുള്ള സമ്മർദങ്ങളും എങ്ങനെ ഒഴിവാക്കാമെന്നായിരുന്നു ഡൽഹിയിലെ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത കോഴിക്കോട് ഈസ്റ്റ്‌ഹിൽ കേന്ദ്രീയവിദ്യാലയത്തിലെ പതിനൊന്നാംക്ലാസ് വിദ്യാർഥിനി സ്വാതി ദിലീപിന്റെ ചോദ്യം.
ആരോഗ്യകരമായ മത്സരങ്ങൾ മുന്നോട്ടുള്ള വളർച്ചയ്ക്ക് അനിവാര്യമാണെന്ന് പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, മത്സരങ്ങളും പ്രശ്നങ്ങളുമില്ലെങ്കിൽ ജീവിതത്തിന് അർഥമുണ്ടാകില്ലെന്ന് വ്യക്തമാക്കി. നമ്മുടെ കഴിവുകളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി മത്സരിക്കാതെ സ്വന്തംപരിമിതികളോടാകണം പടവെട്ടേണ്ടത്. ഇത് വീടുകളിൽനിന്ന് ആരംഭിക്കണം. സഹോദരങ്ങളെ താരതമ്യംചെയ്യുന്നത് മാതാപിതാക്കൾ ഒഴിവാക്കണം. കുട്ടികളെ താരതമ്യപ്പെടുത്തുന്നത് ഭാവിയിൽ അവർതമ്മിലുള്ള വലിയ വിടവിലേക്ക് വഴിവെക്കും. ഓട്ടമത്സരത്തിനിടെ മൈതാനത്ത് തെന്നിവീണ സഹമത്സരാർഥിയെ എടുത്തുയർത്തി അവനെയും തനിക്കൊപ്പം മത്സരത്തിലേക്ക് തിരിച്ചെത്തിച്ച ഭിന്നശേഷിക്കാരുടെ ഓട്ടമത്സര വീഡിയോയെക്കുറിച്ചും പ്രധാനമന്ത്രി പ്രതിപാദിച്ചു. ചില അച്ഛനമ്മമാർ മക്കളുടെ പ്രോഗ്രസ് കാർഡ് സ്വന്തം വിസിറ്റിങ് കാർഡായി ഉപയോഗിക്കുന്നു. ഇത് ശരിയല്ല. കുട്ടികളുടെ പരീക്ഷാസമ്മർദം കുറയ്ക്കുന്നതിൽ അധ്യാപകർക്കും മാതാപിതാക്കൾക്കും ഒരുപോലെ പങ്കുണ്ട്. ഉറങ്ങാൻ കിടന്ന് 30 സെക്കൻഡിനുള്ളിൽ താൻ ഉറങ്ങുമെന്ന് പറഞ്ഞ മോദി, ഉറക്കത്തെ തടസ്സപ്പെടുത്തുന്ന സ്‌ക്രീൻ ടൈമിനെതിരേ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി.