February 1, 2026

ബൈക്കുകളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന അന്തർജില്ലാ മോഷണ സംഘം തൃശൂർ സിറ്റി പോലീസിന്റെ പിടിയിൽ

Share this News

ബൈക്കുകളിൽ കറങ്ങി നടന്ന്, സ്ത്രീകളുടെ മാല പൊട്ടിക്കുന്ന അന്തർജില്ലാ മോഷണ സംഘത്തെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. കഴിഞ്ഞ ജൂൺ 20ന് ഒല്ലൂർ എളംതുരുത്തി മേൽപാലത്തിനു റോഡിലൂടെ നടന്നു പോകുകയായിരുന്ന ഒരു സ്ത്രീയുടെ മാല പൊട്ടിച്ച കാര്യത്തിന് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.



മഞ്ചേരി ആമയൂർ കടവൻ വീട്ടിൽ നിസാർ (31) കൊടകര പൊന്തവളപ്പിൽ ബിനു (40), മലപ്പുറം മൊറയൂർ ആനക്കല്ലിങ്കൽ വീട്ടിൽ സുബൈർ (25), മഞ്ചേരി പയ്യനാട് പള്ളത്തിൽ മേലെതൊടി ഷിയാസ് (25), എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

നിരവധി കേസുകൾ

നിസാർ, ബിനു എന്നിവരാണ് എളംതുരുത്തിയിൽ നിന്നും മാലപൊട്ടിച്ചകേസിൽ അറസ്റ്റിലായ പ്രതികൾ. എന്നാൽ കൂടുതൽ അന്വേഷണത്തിൽ മറ്റു സ്റ്റേഷനുകളിലെ സമാന കേസ്സുകളിൽ പ്രതികളായ സുബൈർ, നിയാസ് എന്നിവരേയും അറസ്റ്റുചെയ്യുകയായിരുന്നു. മാല മോഷണത്തിലൂടെ ലഭിക്കുന്ന പണം ആഢംബര ജീവിതത്തിനും, ഉല്ലാസയാത്രകൾക്കുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. സമാനമായ പല കുറ്റകൃത്യങ്ങളും ഇവർ ഇതിനുമുമ്പ് ചെയ്തിട്ടുണ്ടെങ്കിലും അവയിലൊന്നും പ്രതികൾ പിടിക്കപ്പെട്ടില്ല എന്നതാണ് ഇവരെ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിച്ചത്.



ക്യാമറയിൽ കുടുങ്ങാതിരിക്കാൻ വാഹനങ്ങൾക്ക് വ്യാജ നമ്പറുകൾ

മാല മോഷണത്തിന് തുനിഞ്ഞിറങ്ങുന്ന സംഘം പല ബൈക്കുകളിലായി സഞ്ചരിക്കുകയാണ് പതിവ്. വിജനമായ സ്ഥലവും അനുയോജ്യമായ സാഹചര്യവും ഒത്തിണങ്ങിയാൽ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളയുകയാണ് പതിവ്. വഴിയരികിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിൽ ഇവരുടെ ചിത്രങ്ങൾ പതിയാതിരിക്കാൻ വ്യാജ നമ്പർ പ്ലേറ്റുകളാണ് ബൈക്കുകളിൽ പതിച്ചിരുന്നത്. വ്യാജ നമ്പറുകൾ സംഘടിപ്പിക്കുന്നതിനായി OLX പോലുള്ള സെക്കന്റ് ഹാന്റ് വാഹന ഓൺലൈൻ വെബ്സൈറ്റുകളിൽ വിൽപ്പനക്കു വെച്ചിരിക്കുന്ന വാഹനങ്ങളുടെ നമ്പറുകളാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും തരത്തിൽ പോലീസ് അന്വേഷണം വന്നാൽ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.



കുടുങ്ങിയത് തൃശൂർ സിറ്റി പോലീസ് സ്ഥാപിച്ച ക്യാമറകളിൽ

എളംതുരുത്തിയിൽ മാലപറിച്ചെടുത്ത് ബൈക്കിൽ കടന്നു കളഞ്ഞ സംഘം തൃശൂരിലെ ക്യാമറകളിൽ കുടുങ്ങി. ഇവരുടെ കൃത്യമായ അടയാളങ്ങൾ മനസ്സിലാക്കുന്നതിന് അന്വേഷണ സംഘത്തിന് കഴിഞ്ഞു. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനത്തിന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരുന്നതിനാൽ അന്വേഷണം ഒരു ഘട്ടത്തിൽ വഴിമുട്ടിയെങ്കിലും, തുടർന്ന് 80ൽ അധികം ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സംഘം പരിശോധിക്കുകയും, കുറ്റകൃത്യത്തിനുശേഷം പ്രതികൾ സഞ്ചരിച്ച മുണ്ടക്കയം, ബാംഗ്ലൂർ, മണ്ണാർക്കാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയുമാണ് കുറ്റവാളികളെ അറസ്റ്റുചെയ്യാനായത്.



തെളിഞ്ഞത് 30 ഓളം കേസുകൾ

പാലക്കാട് മുതൽ ആലപ്പുഴ വരെയുള്ള ആറ് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 30ഓളം കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. പേരാമംഗലത്തെ ഒരു വീട്ടിൽ കയറി അവിടെയുണ്ടായിരുന്ന ചലനശേഷി നഷ്ടപ്പെട്ടയാളുടെ സ്വർണമാല പൊട്ടിച്ചതടക്കമുള്ള കേസ്സുകളിൽ ഇവർ പ്രതികളാണ്.

കുറ്റാന്വേഷണ സംഘത്തിന് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ അഭിനന്ദനം

ഒല്ലൂർ അസി. കമ്മീഷണർ കെ.സി. സേതു, സ്പെഷൽബ്രാഞ്ച് എസിപി കെ.സി. സുമേഷ്, ഒല്ലൂർ എസ്.എച്ച്.ഒ കെ.ടി ബെന്നി, സബ് ഇൻസ്പെക്ടർ ബിബിൻ ബി. നായർ, സീനിയർ സിവൽ പോലീസ് ഓഫീസർമാരായ ജയപാൽ, പ്രദീപ് കെ.ജി, സിവിൽ പോലീസ് ഓഫീസർമാരായ സുനീബ് കെ.ബി, ജിൻസൺ എ.ജെ, റിൻസൺ സി.പി, റെസിൻ വി. ചെറിയാൻ, നവീൻ കുമാർ, അരുൺ കെ. എന്നിവർക്ക് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ആർ IPS അഭിനന്ദനങ്ങൾ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!