
ശ്രീനാരായണ പരമഹംസദേവന്റെ ഗൃഹസ്ഥശിഷ്യനായ ഡോ.പത്ഭനാഭൻ പൽപ്പുവിന്റെ 74-മത് സ്മൃതി വാർഷിക ദിനം ഇന്ന്.പത്തൊമ്പത് – ഇരുപതു നൂറ്റാണ്ടുകളിൽ തിരുവിതാംകൂറിലെ ജനജീവിതം സാമൂഹികമായ സ്വാതന്ത്ര്യത്തിന്റെയോ സമത്വത്തിന്റെയോ തത്വങ്ങളിൽ അധിഷ്ഠിതമായിരുന്നില്ല. അതിരൂക്ഷമായ ജാതിവ്യത്യാസമായിരുന്നു സാമൂഹിക ഘടനയുടെ മുഖ്യസവിശേഷത. ഇതിനെതിരെ സധൈര്യം പോരാടിയ അതികായന്മാരിൽ പ്രമുഖനായിരുന്നു ഡോ.പൽപ്പു.
ആധുനിക കേരളത്തിൻ്റെ ശില്‌പികളിൽ അവിസ്മരണീയനായ അദ്ദേഹം ഒരു വ്യക്തി എന്നതിനേക്കാൾ ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു. ജാതിവിവേചനത്തിന്റെയും അശാസ്ത്രീയമായ സാമൂഹ്യവ്യവസ്ഥിതിയുടെയും ദുരിതങ്ങളിൽപ്പെട്ട് ആടിയുലഞ്ഞ ബാല്യവും കൗമാരവും യൗവനവുമായിരുന്നു ഡോ. പൽപ്പുവിന്റേത്. സാമൂഹ്യബോധവും സാമർത്ഥ്യവും മികവുമുള്ള വിദ്യാർത്ഥിയായിരുന്നിട്ടും പരീക്ഷകളിൽ വിദ്യാർത്ഥികളെ പിന്തള്ളി ഉന്നതവിജയം കരസ്ഥമാക്കിയിരുന്നിട്ടും മെഡിസിൻ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കുകാരനായിരുന്നിട്ടും അദ്ദേഹത്തിനു തിരുവിതാംകൂർ മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടിയില്ല. എങ്ങനെയും വൈദ്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹം ആ വിദ്യാർത്ഥിയിൽ ജ്വലിച്ചു നിന്നു. മദ്രാസിൽ പോയി പഠിച്ചു വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി എന്നാൽ നാട്ടിൽ തിരിച്ചെത്തി ജോലിയ്ക്കു വേണ്ടി നാട്ടിൽ അപേക്ഷ കൊടുത്തു. അതിനു മറുപടി പോലും ലഭിച്ചില്ല. അദ്ദേഹം തിരിച്ചു മദ്രാസിലേയ്ക്കുപോയി, അവിടെ അപേക്ഷ കൊടുത്തു. ഉടനെ ഗവൺമെന്റ് സർവീസിൽ ജോലി ലഭിക്കുകയും ചെയ്തു. ഓദ്യോഗിക ജീവിതത്തിലെപടവുകൾ അദ്ദേഹം വളരെ വേഗം ചവിട്ടി കയറി. അർപ്പണ ബോധവും, സത്യസന്ധതയും, നിശ്ചയദാർഡ്യവും ഒരിക്കലും അദ്ദേഹം കൈവിട്ടിരുന്നില്ല. സ്വന്തം ജീവനെപ്പോലും ചിന്തിക്കാതെ സഹജീവികളുടെ കണ്ണീരൊപ്പുന്നതിനും പല്പു എന്നും ശ്രദ്ധാലുവായിരുന്നു.. അദ്ദേഹം ബാംഗ്ലൂരിൽ വാക്സിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂപ്രണ്ടായിരുന്ന കാലത്താണ് അവിടെ പ്ലേഗു ബാധ ഉണ്ടായത്. അതിന്റെ നിവാരണത്തിനുള്ള സ്പെഷ്യൽ ഡ്യൂട്ടി ഓഫിസറായി അദ്ദേഹത്തെ നിയമിക്കപ്പെട്ടു. മരണപത്രം നേരത്തെ ഒപ്പിട്ടു അധികാരികൾക്ക് നൽകി ദുരിതമുഖത്തേയ്ക്കിറങ്ങി മരണത്തിന്റെ നൂൽപാലത്തിലേയ്ക്ക് നടന്നുപോയി. ഭാരതം കണ്ട മികച്ച ഭിഷഗ്വരൻ എന്നദ്ദേഹത്തെ വിശേഷിപ്പിക്കുകയുണ്ടായി.
ഔദ്യോഗികരംഗത്ത്നേട്ടങ്ങൾ കൊയ്തുകൂട്ടിയ പല്പുവിന് ഒരു പ്രഭുവിനെപ്പോലെആഡംബര ജീവിതം നയിക്കാൻ കഴിയുമായിരുന്നു. ജാതിയുടെ പേരിൽ ബല്യകാലംമുതൽ തനിക്കേറ്റ മുറിവുകൾ മനസ്സിലുണ്ടായിരുന്നു. താൻ ജനിച്ചു വളർന്നനാട്ടിൽ സ്വജനങ്ങൾ ജാതിയുടെ പേരിൽ മൃഗ തുല്യമായ ജീവിതം നയിക്കുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി അവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാൻ അദേഹത്തിന്റെ മനസ്സ് എപ്പോഴുംതുടിച്ചിരുന്നു.
ഭരണാധികാരികൾക്ക് മെമ്മോറിയൽ സമർപ്പിക്കുകയാണ് ആദ്യം ചെയ്തത്. 1891 ലെ മലയാളി മെമ്മോറിയൽ, 1896-ലെ ഈഴവ മെമ്മോറിയൽഎന്നിവ ഇതിനുദാഹരണമാണ്. ഗുരുദേവന്റെ അനുഗ്രഹാശിസ്സുകളോടെ ഒരു പുതിയ സംഘടനയ്ക്ക് രൂപം കൊടുക്കാൻ ഡോക്ടർ ആഗ്രഹിച്ചു. ഗുരുദേവനും, ഡോ. പല്പുവും, കുമാരനാശാനും എം.ഗോവിന്ദനും ഇതേപ്പറ്റി ഗാഢമായി ചർച്ച ചെയ്തു 1078 ഇടവം 2-ാം(1903 ജനുവരി 7) തീയതി അരുവിപ്പുറം ക്ഷേത്രയോഗത്തെ ശ്രീനാരായണ ധർമ്മപരിപാലനയോഗം എന്ന പേരിൽ സംഘടനയാക്കി രൂപം നൽകി. എസ്.എൻ.ഡി.പി. യോഗത്തിന്റെ തുടക്കം ഇവിടെ നിന്നാണ്.ഡോക്ടർക്ക് മൈസൂരിലേയ്ക്ക് പോകേണ്ടതു കൊണ്ട് കുമാരനാശാനെ സെക്രട്ടറിയായി നിയമിച്ചു. അദ്ദേഹം യോഗത്തിന്റെ ആദ്യ വൈസ് പ്രസിഡന്റായി. സേവന ബഹുലമായ 87 വർഷത്തെ ജീവിതത്തിനു ശേഷം 1950 ജനുവരി 25-ന്ആ സൂര്യൻ അസ്തമിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


