January 29, 2026

ടെൻസ് കുടിവെള്ള പദ്ധതി; റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു

Share this News



കാലങ്ങളായുള്ള കാത്തിരിപ്പിനുശേഷം മാടക്കത്തറ ഗ്രാമപഞ്ചായത്ത് വാർഡ് 11ലെ ടെൻസ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. ഉദ്ഘാടനം യൂണിവേഴ്സിറ്റി നഗറിൽ സെൻറ് എലിസബത്ത് കോൺവെന്റിന് സമീപം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. മികച്ച വികസന പ്രവർത്തനങ്ങളുടെ ഇടമായി മാടക്കത്തറ ഗ്രാമപഞ്ചായത്ത് മാറിയെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള വിതരണത്തിൽ മികച്ച രീതിയും മാതൃകയുമാണ് പഞ്ചായത്ത് കാഴ്ചവെക്കുന്നത്. എല്ലാ റോഡുകളും ബി എം ബി സി ആക്കുക, കളിക്കളം ഒരുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പഞ്ചായത്തിൽ പൂർത്തികരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടെൻസ് കുടിവെളള പദ്ധതിക്കായി സൗജന്യമായി ഭൂമി വിട്ടു നൽകിയ സെൻ്റ് എലിസബത്ത് മഠം മുതിർന്ന അംഗം സിസ്റ്റർ മർട്ടീന വാഴപ്പള്ളിയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വകയിരുത്തിയ അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി നിർമ്മിച്ചത്. 130 വീടുകൾക്കാണ് പദ്ധതിയിലൂടെ കണക്ഷൻ ലഭ്യമായത്. രണ്ടാം ഘട്ടത്തിൽ ഒമ്പതര മീറ്റർ ഉയരത്തിലാണു കുടിവെള്ള ടാങ്ക് നിർമ്മിച്ചിരിക്കുന്നത്.
പീലിമൂല കുടിവെള്ള പദ്ധതി, പോപ്പ് നഗർ തുടങ്ങി രണ്ട് കുടിവെള്ളപദ്ധതികൾ കൂടിയാണ് മാടക്കത്തറ പഞ്ചായത്തിൽ പുരോഗമിക്കുന്നത്.

മടക്കത്താറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സണ്ണി ചെന്നിക്കര സ്വാഗതം ആശംസിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിരാ മോഹൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സാവിത്രി രാമചന്ദ്രൻ, കെ പി പ്രശാന്ത്, പുഷ്പ ചന്ദ്രൻ, വാർഡ് മെമ്പർ സോഫി സോജൻ, മുൻ വാർഡ് മെമ്പർ സുരേഷ് പുളിക്കൻ, സെൻ്റ് എലിസബത്ത് മഠം മുതിർന്ന അംഗം സിസ്റ്റർ മർട്ടീന, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!