
തൃശൂർ വഴുക്കുമ്പാറ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ BTTM മൂന്നാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് സുൾഫിക്കർ ഗിയർ ഇല്ലാത്ത സൈക്കിളിൽ അഖിലേന്ത്യാ പര്യടനം നടത്തി. 4000 കിലോമീറ്റർ 38 ദിവസം കൊണ്ട് സഞ്ചരിച്ച് തിരിച്ചെത്തിയിരിക്കയാണ് പാലക്കാട് വടക്കഞ്ചേരി വള്ളിയോട് സ്വദേശിയായ സുൾഫിക്കർ. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ലഡാക്കിലെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള (17982 അടി) ഗതാഗത പാതയായ ഖാർതുഗ്ള പാസ്സ് കീഴടക്കിയാണ് കോളേജിന്റെ അഭിമാനമായത്. മെയ് 21ന് തുടങ്ങിയ യാത്ര കാസർഗോഡ് വഴി കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, പഞ്ചാബ്, ജമ്മു കാശ്മീർ വഴി ലഡാക്കിലെത്തി. ഗുജറാത്തിൽ വെച്ച് ഭക്ഷ്യവിഷബാധ ഉണ്ടായി. കൈയ്യിൽ കരുതിയ മരുന്ന് കഴിച്ച് രണ്ടു ദിവസം ആ നാട്ടുകാർ ഒരുക്കിയ വീട്ടിൽ വിശ്രമിച്ചു. ഭേദമായ ശേഷമാണ് യാത്ര തുടർന്നത്. ഡൽഹിയിലും ഭക്ഷണം മൂലം ചെറിയ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും യാത്രയെ കാര്യമായി ബാധിച്ചില്ല. ഒരു ദിവസം കൊണ്ടു തന്നെ സുഖപ്പെട്ടു. ലഡാക്കിൽ നിന്ന് 40 കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറി ജൂൺ 21 ന് ഖാർതുഗ്ള പാസ്സിലെത്തി ലക്ഷ്യം നേടിയത്. ഒറ്റക്കായിരുന്നു യാത്ര.

രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകളിലായിരുന്നു താൽക്കാലിക കൂടാരം ഉണ്ടാക്കി ഉറങ്ങിയിരുന്നത്. 160 കിലോമീറ്റർ വരെ ഒരു ദിവസം സഞ്ചരിച്ചിരുന്നു.
10-ാം ക്ലാസ് കഴിഞ്ഞപ്പോഴാണ് സൈക്കളിൽ ഇന്ത്യ ചുറ്റണമെന്ന ആഗ്രഹം തോന്നിയത്. വഴുക്കുമ്പാറ എസ്.എൻ.ജി. കോളേജിൽ പഠനത്തിനിടെ വടക്കുഞ്ചേരി മംഗലം പാലത്തിനടുത്തുള്ള ചിപ്സ് കടകളിൽ രാത്രി 2 മുതൽ രാവിലെ 7 വരെ പാർടൈം ജോലി ചെയ്ത് ഉണ്ടാക്കിയ കാശു കൊണ്ടാണ് യാത്രക്കുളള ചിലവ് കണ്ടെത്തിയത്. ഇരുപതുകാരനായ സുൾഫിക്കർ വടക്കുഞ്ചേരി വള്ളിയോട് അഹമ്മദ് കബീർ – സബീല ദമ്പതിമാരുടെ മകനാണ്. രണ്ട് അനിയന്മാരും സുൾഫിക്കറിനുണ്ട്. ചിലവുകുറഞ്ഞ രീതിയിലൂടെ സ്വപ്നയാത്ര പൂർത്തിയാക്കുകയാണ് ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് ബിരുദ അവസാന വർഷ വിദ്യാർത്ഥിയായ സുഫിക്കർ ലക്ഷ്യമിട്ടത്. സാഹസികയാത്ര സാധാരണക്കാർക്ക് അപ്രാപ്യമല്ല എന്ന് തെളിയിക്കുകയും മറ്റൊരു ലക്ഷ്യമായിരുന്നു.കേട്ടു പരിചയമുള്ള ഇന്ത്യൻ ഗ്രാമങ്ങളെ നേരിൽ കാണാനും അവിടുത്തെ സംസ്കാരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുവാനും ഈ യാത്ര ഉപകരിക്കുമെന്ന് സുൾഫിക്കർ പറഞ്ഞു. മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും മകന്റെ തീവ്രമായ അഭിലാഷത്തിനു മുൻപിൽ അവർക്ക് കീഴടങ്ങേണ്ടിവന്നു. കോളേജിലെ അദ്ധ്യാപകരുടേയും സഹപാഠികളുടേയും പിന്തുണ യാത്രക്ക് ഊർജം പകരുന്നു എന്ന് സുൾഫിക്കർ പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോ.എ.സുരേന്ദ്രൻ , അദ്ധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പുതിയ ഉയരങ്ങൾ കീഴടക്കിയ സുൾഫിക്കറിനെ അഭിനന്ദിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
