January 29, 2026

ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു

Share this News

സമാനതകളില്ലാത്തവിധം വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് മാതൃകയായിരുന്നു. മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ആദ്യമായി പദ്ധതി തുടങ്ങുന്നത് തൃശ്ശൂർ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.

ചികിത്സയ്ക്ക് എത്തുന്ന രോഗികൾ, അവരുടെ കൂട്ടിരിപ്പുകാർ എന്നിവർക്ക് മെഡിക്കൽ കോളേജിന് സമീപം കുറഞ്ഞ വാടക നിരക്കിൽ താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതിയിലൂടെ. മെഡിക്കൽ കോളേജിന്റെയും റവന്യൂ വകുപ്പിന്റെയും കൈവശമുള്ള ഭൂമിയിലാണ് സംസ്ഥാന സർക്കാർ ധനസഹായത്തോടെ ആശ്വാസ് വാടക വീട് ഒരുക്കിയത്. 53 സെന്റ് ഭൂമിയിൽ രണ്ട് നിലകളിലായി 11730 ചതുരശ്ര അടി വിസ്തീർണർത്തിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 27 ബാത്ത് അറ്റാച്ച്ഡ് റൂമുകളും 48 കിടക്ക സൗകര്യമുള്ള ഡോർമെട്രിയും ടവർ റൂമും ഉൾപ്പെടുന്നതാണ് കെട്ടിടത്തിന്റെ സൗകര്യങ്ങൾ.

സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷനായി. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, മുൻ എംഎൽഎ യും കെ എസ് എച്ച് ബി ബോർഡ് മെമ്പറുമായ ഗീത ഗോപി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർ ലിനി, ബ്ലോക്ക് മെമ്പർ രഞ്ചു വാസുദേവൻ, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി കൗൺസിലർ കെ കെ ഷൈലജ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ബി ഷീല തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!