January 29, 2026

സർക്കാർ രേഖകളിൽ ജാതിക്കോളം സൃഷ്ടിക്കുന്ന വിഡ്ഢിത്തം അവസാനിപ്പിക്കണം; പ്രൊഫ. ഡോ. ജി. മോഹൻ ഗോപാൽ

Share this News

സർക്കാർ രേഖകളിൽ സമുദായത്തെ അടയാളപ്പെടുത്തുന്നതിന് പകരം ജാതിക്കോളം സൃഷ്ടിക്കുന്ന പമ്പര വിഡ്ഢിത്തം അവസാനിപ്പിക്കണമെന്ന് ഭരണഘടനാ വിദഗ്ദ്ധനും നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടറുമായ പ്രൊഫ. ഡോ. ജി.മോഹൻ ഗോപാൽ പറഞ്ഞു. മനുഷ്യരെല്ലാം ഒരൊറ്റ ജാതിയാണെന്ന യാഥാർത്ഥ്യം ഇനിയും അംഗീകരിക്കാത്ത ഏകവിഭാഗം ബ്രാഹ്മണ്യമാണ്. വികലവും നിക്ഷിപ്ത താത്പര്യപ്രകാരവുമാണ് മനുഷ്യ നെവർണ,ജാതിശ്രേണികളായി തിരിച്ചത്. ആധുനിക സമൂഹം പുച്ഛത്തോടെ മാത്രം കാണുന്ന ഈ രീതിയെ പ്രോത്സാഹിപ്പിക്കാനുള്ള ബാദ്ധ്യത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുദർശനത്തിന്റെ അന്തഃസത്ത ഒട്ടും ചോർന്നുപോകാതെ വ്യക്തമാക്കുന്ന ഗുരുദേവനും പത്രാധിപർ സി.വി. കുഞ്ഞിരാമനും തമ്മിലുള്ള അഭിമുഖം വ്യാപകമായി വായിക്കപ്പെടേണ്ടതുണ്ടെന്നും ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വർണാശ്രമ അധർമ്മത്തിനെതിരെ ശ്രീനാരായണ മാനവധർമ്മം സഹോദരൻ സ്മാരകത്തിൽ സംഘടിപ്പിച്ച രണ്ടാം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർണം, ജാതി, സമുദായം എന്നതിനെ അധികരിച്ച് നടന്ന കൺവെൻഷനിൽ വി.ആർ. ജോഷി അദ്ധ്യക്ഷനായി. ഡോ. ടി.എസ്. ശ്യാംകുമാർ, ഡോ. അമൽ സി. രാജൻ, സുദേഷ് എം. രഘു, ഡോ. ആദർശ, ബാബുരാജ് ഭഗവതി, ഡോ. പി.കെ. സാദിക്, പി.കെ. സുധീഷ്ബാബു, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. സാഹോദര്യ പ്രസ്ഥാനം, മാള ഗുരുധർമ്മം ട്രസ്റ്റ്, ശ്രീനാരായണ ദർശനവേദി, അംബേദ്കർ പഠന കേന്ദ്രം എന്നിവയുടെ സഹകരണ ത്തോടെ സംഘടിപ്പിച്ച കൺവെൻഷനിൽ അഡ്വ. ടി.ആർ. രാജേഷ് ശ്രീനാരായണ മാനവധർമം ട്രസ്റ്റിന്റെ രൂപരേഖ അവതരിപ്പിച്ചു. മാള ഗുരുധർമ്മം ട്രസ്റ്റ് സംഘടിപ്പിച്ച ജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച സൊവനീർ പ്രകാശനം-പ്രൊഫ. ഡോ.ജി.മോഹൻ ഗോപാൽ നിർവഹിച്ചു. പി. കെ.സാബു ഏറ്റുവാങ്ങി. സർക്കാർ രേഖകളിൽ നിന്നും ജാതി എന്നതൊഴിവാക്കി സമുദായം എന്നാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയ കൺവെ ൻഷൻ ശ്രീനാരായണ മാനവധർമ്മ പ്രചാരകനും ചലച്ചിത്ര പ്രവർത്തകനുമായ പ്രശാന്ത് ഈഴവനെ ആദരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!