January 29, 2026

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Share this News

കലയുടെ അരങ്ങുണരുന്നു. ഇനി കണ്ണും കാതും കൊല്ലത്തേക്ക്. നാളെയുടെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരശീല ഉയരും. കലാരവങ്ങൾക്ക് കാതോർക്കാൻ കൊല്ലം അക്ഷരാർത്ഥത്തിൽ ഒരുങ്ങി കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുക. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും. നടി നിഖില വിമല്‍ മുഖ്യാതിഥിയായി എത്തും.രാവിലെ ഒൻപത് മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. തുടർന്ന് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം നിര്‍വഹിക്കും. നടി ആശാ ശരത്തിന്റെ സംഗീത നൃത്തശില്പത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഉദ്ഘാടന ദിവസമായ ഇന്ന് വിവിധ വേദികളിലായി മോഹിനിയാട്ടം, സംഘനൃത്തം, ഭരതനാട്യം, കോൽക്കളി, മാർഗംകളി, കുച്ചുപ്പിടി, സംസ്കൃത നാടകം, കഥകളി എന്നീ ഇനങ്ങളും ഉണ്ടാകും.കോഴിക്കോട് നിന്ന് എത്തിച്ച 117 പവന്റെ സ്വർണ്ണ കപ്പിന് കൊല്ലം ജില്ലാ അതിർത്തിയിൽ സ്വീകരണം നൽകിയിരുന്നു. തുടർന്ന് ഘോഷയാത്രയായി പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഇന്നലെ വൈകുന്നേരം എത്തിച്ചു. മന്ത്രി വി ശിവൻകുട്ടി, എംഎൽഎ മാരായ മുകേഷ്, നൗഷാദ്, പി സി വിഷ്ണു നാഥ് എന്നിവരും ജാഥയിൽ ഉണ്ടായിരുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!