
മണ്ണുത്തി സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ രണ്ടുപേരെയാണ് സിവിൽ പോലീസ് ഓഫീസർമാരായ അജിത് പി.പി, ധനേഷ് മാധവ് എന്നിവർ ആഴ്ചകളോളം നീണ്ട പരിശ്രമത്തിനൊടുൽ കണ്ടെത്തിയത്. മൂർക്കനിക്കരെ സ്വദേശിയായ ഒരു വ്യക്തിയെ മൂന്നുമാസം മുൻപും ചിറക്കേകോടുള്ള ഒരാളെ ഒരു മാസം മുൻപുമാണ് കാണാതായത്. കേസ് റെജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ യാതൊരു തെളിവുകളും ലഭിച്ചിരുന്നില്ല. കാണാതായവരുടെ വീടുകളിൽ നിന്നും ലഭിച്ച കേവലം ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് നഗരത്തിൽ നിന്നുമാണ് ഇരുവരേയും കണ്ടെത്തിയത്.
ഇക്കഴിഞ്ഞ സെപ്തംബർ 6നാണ് മൂർക്കനിക്കര സ്വദേശിയെ കാണാതായത്. നവംബർ 1ന് ചിറക്കേക്കോട് സ്വദേശിയേയും കാണാതായതായി. കാണാതായ ഇരുവരും മൊബൈൽഫോണുകൾ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കണ്ടെത്താനുള്ള വഴികൾ ഏറെ ദുഷ്ക്കരമായിരുന്നു.
കാണാതായ മൂർക്കനിക്കരെ സ്വദേശി 6 വർഷം മുൻപ് സമാനമായ സാഹചര്യത്തിൽ കാണാതാകുകയും പിന്നീട് കോഴിക്കോട് നിന്നും കണ്ടെത്തുകയുമുണ്ടായി. ഈ വിവരം കിട്ടിയപ്പോൾ സ്റ്റേഷൻ ഹൌസ് ഓഫീസർ എസ് ഷുക്കൂറിൻെറ നിർദ്ദേശപ്രകാരം രണ്ട് സിവിൽ പോലീസ് ഓഫീസർമാരാണ് അന്വേഷണത്തിനായി കോഴിക്കോട്ടേക്ക് പുറപെട്ടത്. കാണാതായ രണ്ടുപേരുടേയും പാസ്സ് പോർട്ട് സൈസ് ഫോട്ടോ മാത്രമാണ് പോലീസുദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്നത്.
ഹോട്ടലുകൾ, ബസ് സ്റ്റാൻഡുകൾ, ഷോപ്പുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫോട്ടോയുമായി അന്വേഷണം നടത്തുന്നതിനിടെ ഒരു ലോഡ്ജിൽ നിന്നും വിളിയെത്തി. ഈ ഫോട്ടോയിൽ കാണുന്നപോലൊരാൾ ഇവിടെ നിന്നും ഭക്ഷണം കഴിക്കാൻ പോയിട്ടുണ്ട്. ഉടൻതന്നെ ലോഡ്ജിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ പരിസരത്തുള്ള ഹോട്ടലുകളിലെല്ലാം അന്വേഷിക്കുകയും കോഴിക്കോട് നഗരത്തിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തു.
അന്നുതന്നെയാണ് ചിറക്കേകാടുള്ള വ്യക്തി കോഴിക്കോട് എത്തിയിട്ടുണ്ട് എന്ന വിവരം സൈബർസെല്ലിൽ നിന്നും കിട്ടുന്നത്. ഉടൻതന്നെ കോഴിക്കോട് നഗരത്തിലും ബീച്ചിലും തെരുവുകളിലും പാർക്കിലും മറ്റു സ്ഥലങ്ങളിലും അയാൾക്കായി തെരച്ചിൽ തുടങ്ങി. പല സ്ഥലങ്ങളിലും ഫോട്ടോയുമായി നടന്നലഞ്ഞ പോലീസുദ്യോഗസ്ഥർ നിരാശരായി മടങ്ങാനിരിക്കുമ്പോഴാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് അനാഥർക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ മുൻവശം ഒരു ക്യൂ കണ്ടത് അവസാന വട്ടമെന്ന പോലെ മടങ്ങുന്നതിനിടയിൽ ആ ക്യൂവിലും ഫോട്ടോകാണിച്ച് തിരയുന്നതിനിടയിലാണ് ക്യൂവിൽ കാത്തുനിൽക്കുകയായിരുന്ന ചിറക്കേകാട് സ്വദേശിയെ കണ്ടത്.
തെളിവുകളൊന്നുമില്ലാതിരുന്നിട്ടും, കേവലം പാസ്പോർട്ട് ഫോട്ടോ മാത്രം ഉപയോഗിച്ച് നഗരം മുഴുവൻ നടന്നലഞ്ഞ് തിരച്ചിൽ നടത്തി, കാണാതായവരെ കണ്ടെത്തിയ പോലീസുദ്യോഗസ്ഥർ ഏറെ സംതൃപ്തിയിലാണ്. കണ്ടെത്തിയ വ്യക്തികൾ ഇരുവരേയും മണ്ണുത്തി പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് വീട്ടുകാരെ ഏല്പിച്ച് ദൌത്യം നിറവേറ്റിയപ്പോൾ മണ്ണുത്തി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


