
2023 ലെ ദേശീയ കായിക അവാർഡുകളിൽ ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും വെള്ളി മെഡൽ നേടിയ മലയാളി ലോങ് ജമ്പ് താരം എം. ശ്രീശങ്കറിന് അർജുന പുരസ്കാരം. ക്രിക്കറ്റർ മുഹമ്മദ് ഷമിയും ഉൾപ്പെടെ 26 പേർക്കാണ് അർജുന പുരസ്കാരം.ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം ബുധനാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സമീപകാലത്ത് ലോങ്ജമ്പ് അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ മേൽവിലാസമായ പാലക്കാട് യാക്കര സ്വദേശി എം. ശ്രീശങ്കർ ഈ വർഷം ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ (8.19 മീറ്റർ) വെള്ളി നേടി. 8.41 മീറ്റർ ചാടി പുതിയ ദേശീയറെക്കോഡ് കുറിച്ചതും ഈ വർഷമാണ് (പിന്നീട് ജസ്വിൻ ആൽഡ്രിൻ ഈ റെക്കോഡ് തിരുത്തി). 2022-ലെ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിലും രാജ്യത്തിനായി വെള്ളി മെഡൽ നേടി. ബാങ്കോക്കിൽനടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും വെള്ളി.
മുൻ അത് ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനായ ശ്രീശങ്കർ ഒളിമ്പിക്സ് ലക്ഷ്യമിട്ട് കേന്ദ്രം നടത്തുന്ന ടാർഗറ്റ് ഒളിമ്പിക് സ്കീം (ടോപ്സ്) അംഗമാണ്. വനിതാ സ്റ്റീപ്പിൾ ചേസ്, 5000 മീറ്റർ ഓട്ടക്കാരി പരുൾ ചൗധരിയും അത്ലറ്റിക്സിൽ അർജുനപുരസ്കാരം നേടി. ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ വിക്കറ്റ് നേട്ടത്തിൽ (24 വിക്കറ്റ്) ഒന്നാമനായ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയും അർജുനനേടി. ഷൂട്ടർ ഐശ്വരി പ്രതാപ് സിങ്, ഗുസ്തി താരം അന്തിം പംഗൽ, അമ്പെയ്ത്തുകാരായ ഓജസ് പ്രവീൺ, അതിഥി സ്വാമി തുടങ്ങിയവരും അർജുനപുരസ്കാരം നേടി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


