
പ്രമുഖ ഇടയ്‌ക്കകലാകാരൻ തിച്ചൂർ മോഹനൻ (66) അന്തരിച്ചു. അർബുദചികിത്സയിലായിരുന്നു. തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽവരവ് പഞ്ചവാദ്യത്തിലെ ഇടയ്‌ക്കപ്രാമാണികനാണ്. കിള്ളിക്കുറിശ്ശിമംഗലം കോപ്പാട് ഗോവിന്ദൻകുട്ടി പൊതുവാളിന്റെയും തിച്ചൂർ പൊതുവാട്ടിൽ ലക്ഷ്മിക്കുട്ടി പൊതുവാൾസ്യാരുടെയും മകനാണ്. തൃശ്ശൂർ പൂരത്തിനു പുറമേ ഉത്രാളിക്കാവ് പൂരം എങ്കക്കാട് വിഭാഗം, ഗുരുവായൂർ ഉത്സവം, നെന്മാറ വേല, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ ഉത്സവങ്ങൾ, അമ്പലപുരം കുറ്റിയങ്കാവ് പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളിലെല്ലാം സാന്നിധ്യമായിരുന്നു.ഇടയ്‌ക്കയിലെ മധുരനാദത്തിന്റെ ഉടമയായ തിച്ചൂർ മോഹനനാണ് ഇടയ്‌ക്കയുടെ സ്ഥാനം ദേവവാദ്യത്തിൽ ഉറപ്പിച്ചതും ശ്രദ്ധേയമാക്കിയതും. തികഞ്ഞ താളബോധവും കൊട്ടിലെ ശുദ്ധിയും വ്യക്തതയും മോഹനനെ വ്യത്യസ്തനാക്കിയിരുന്നു.
തപസ്യയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ, ആലിപ്പറമ്പിൽ ശിവരാമപ്പൊതുവാൾ, ചോറ്റാനിക്കര നാരായണമാരാർ, കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ തുടങ്ങിയ ആചാര്യന്മാരുടെ പേരിലുള്ള പുരസ്‌കാരങ്ങളും തിരുവമ്പാടി, ഉത്രാളി എങ്കക്കാട് ദേശം, ഗുരുവായൂർ താലപ്പൊലിസംഘം തുടങ്ങി വിവിധ ആഘോഷക്കമ്മിറ്റികളുടെ സുവർണമുദ്രകളും കേരള സംഗീത അക്കാദമി അവാർഡും മോഹനനെ തേടിയെത്തി. വിജയലക്ഷ്മിയാണ് ഭാര്യ. വാദ്യകലാകാരൻ കൂടിയായ കാർത്തികേയനാണ് മകൻ. സംസ്‌കാരം വ്യാഴാഴ്ച.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

