
ജീർണാവസ്ഥയിലുള്ള കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുര നവീകരിക്കാൻ തീരുമാനം. ബുധനാഴ്ച ഉച്ചതിരിഞ്ഞ് പടിഞ്ഞാറേ ഊട്ടുപുരയിൽ ചേർന്ന ദേവസ്വം ഭരണസമിതിയുടെയും ഭക്തജനങ്ങളുടെയും യോഗത്തിലാണ് തീരുമാനം. പടിഞ്ഞാറേ ഗോപുരം നവീകരണമാതൃകയിൽ നടപ്പുര നവീകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ദേവസ്വം ചെയർമാൻ യു. പ്രദീപ്‌മേനോൻ നവീകരണസമിതിയോട് അഭ്യർഥിച്ചു. ഇക്കാര്യത്തിൽ കൂടിയാലോചനകൾക്കുശേഷം അടുത്ത യോഗത്തിൽ തീരുമാനമാകും.
പടിഞ്ഞാറേ നടപ്പുരയുടെ പുനരുദ്ധാരണപ്രവൃത്തികൾക്ക് സാമ്പത്തികബുദ്ധിമുട്ട് വരുന്ന സാഹചര്യത്തിൽ ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ സർക്കാരിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. നടപ്പുര നവീകരണത്തിന്റെ വിശദമായ ചർച്ചകൾക്കും റിപ്പോർട്ടുകൾക്കുമായി ഡിസംബർ 11-ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. മേൽക്കൂര തകർന്നുവീഴാതിരിക്കാൻ പടിഞ്ഞാറേ നടപ്പുര ഓലമേഞ്ഞാണ് നിർത്തിയിരിക്കുന്നത്. ഇതിന്റെ കേടായ ഉത്തരവും കഴുക്കോലുകളും പട്ടികകളുമടക്കമുള്ളതെല്ലാം മാറ്റി പുതിയത് സ്ഥാപിക്കണം.
കേന്ദ്രസർക്കാരിന്റെ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കിപ്പണിയാനായിരുന്നു ദേവസ്വം തീരുമാനം. എന്നാൽ പദ്ധതിക്ക് അനുമതി കിട്ടാൻ വൈകുന്ന സാഹചര്യത്തിലാണ് ഭക്തജനങ്ങളുടെ സഹായത്തോടെ നടപ്പുര പുതുക്കിപ്പണിയാൻ തീരുമാനിച്ചിരിക്കുന്നത്. ഒന്നരക്കോടി രൂപയോളം ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഉഷാ നന്ദിനി, ഭരണസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
