January 27, 2026

ഉദ്ഘാടനം ചെയ്ത് 2 മാസം, ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി; വന്‍ അപകടം ഒഴിവായി

Share this News

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി വേര്‍പ്പെട്ടു. തിരക്ക് കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചയോടെയാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ഒരുഭാഗം വേര്‍പ്പെട്ടത്. ചാവക്കാട് ടൂറിസം രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസത്തിനകം തകര്‍ന്നത്. ഒക്‌ടോബര്‍ ഒന്നിനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്.

ഫ്ലോട്ടിംഗ് ബ്രിഡ്ജ് രണ്ടായി വേർപെടുന്ന സമയത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അവധി ദിവസമല്ലാത്തതിനാല്‍ തിരക്ക് കുറവായതിനാനാലാണ് വന്‍ അപകടം ഒഴിവായത്. ശക്തമായി തിരയടിച്ചതിനാല്‍ ഫ്ലാട്ടിങ് ബ്രിഡ്ജിന്റെ ഒരു ഭാഗം വേര്‍പ്പെട്ട് കടലിലേക്ക് ഒഴുകുകയായിരുന്നു. പിന്നീട് നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയെത്തി പൊട്ടിയ ഭാഗം കഷ്ണങ്ങളാക്കി തീരത്തേക്ക് കയറ്റിവച്ചു. ട്രാക്ടര്‍ ഉപയോഗിച്ചാണ് ഓരോ കഷ്ണങ്ങളും കയറ്റിയത്.തീരദേശത്തെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുക്കിയത്. 110 മീറ്റർ നീളത്തിലാണ് കടലിലേക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചത്. സ്വകാര്യ സംരംഭകരുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഏകദേശം ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്. ഒരേസമയം 100 പേര്‍ക്ക് ബ്രിഡ്ജില്‍ പ്രവേശിക്കാവുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്.


ഫ്‌ളോട്ടിങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാനായി ഒട്ടേറെ സഞ്ചാരികളും ഇവിടെ എത്താറുണ്ട്. 80 ലക്ഷം രൂപ ചെലവിലാണ് സ്വകാര്യ കമ്പനി ഇത് നിര്‍മിച്ചത്. വരുമാനം മുഴുവനും ഇവര്‍ക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് പറയുന്നു. ബ്രിഡ്ജിലേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 120 രൂപയാണ് ഈടാക്കിയിരുന്നത്. ചാവക്കാടിന് പുറമെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ നിലവില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നുണ്ട്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!