‘മീറ്റ് ദി മിനിസ്റ്റര്‍’ ഇന്ന്
വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയുമായി വ്യവസായ മന്ത്രി പി രാജീവ്. സെപ്തംബര്‍ ഏഴിന് രാവിലെ പത്തിന് തൃശൂര്‍ ടൗണ്‍ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരിപാടി. ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമനിലയം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ എല്ലാ എംഎല്‍എമാരെയും പങ്കെടുപ്പിച്ചു യോഗം ചേരും. തുടര്‍ന്ന് വൈകീട്ട് നാല് മണിക്ക് പത്ര സമ്മേളനവും 4.30 മുതല്‍ 6.30 വരെ തൃശൂര്‍ ജോയ്സ് പാലസില്‍ ജില്ലയിലെ പ്രമുഖ വ്യവസായ സംരംഭകരുമായി സംവാദവും സംഘടിപ്പിക്കും.
‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങള്‍ ആരംഭിച്ചവരേയോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേയോ ആണ് നേരില്‍ കാണുക. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസങ്ങളും സംരംഭകര്‍ക്ക് ശ്രദ്ധയില്‍പെടുത്താം. അത്തരം പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് ലക്ഷ്യം. നിലവില്‍ 91 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, തദ്ദേശ വകുപ്പ്, ലീഗല്‍ മെട്രോളജി, മൈനിംഗ് ആന്റ് ജിയോളജി, അഗ്നിശമനസേന തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പം ഉണ്ടാകും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. സംരംഭകര്‍ക്ക് വ്യവസായ നടത്തിപ്പിനുള്ള എല്ലാ സൗകര്യങ്ങളും നല്‍കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏതെങ്കിലും തലത്തില്‍ സാങ്കേതിക തടസങ്ങള നേരിടുന്നവര്‍ക്ക് അവരുടെ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരമാണ് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലൂടെ ഒരുക്കുന്നത്.