വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും, പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചു അപകടങ്ങളിൽപെടുന്നത് കൂടി വരുന്ന സാഹചര്യത്തിലും, റോഡപകടങ്ങളിൽ പരിക്ക് പറ്റുന്നവരെ ശാസ്ത്രീയമായി പ്രഥമ ശുശ്രുക്ഷ നൽകുന്നതിനും, ഒന്ന് രണ്ട് വർഷങ്ങൾക്കുള്ളിൽ ഡ്രൈവിംഗ് ലൈസൻസ് കരസ്‌ഥമാക്കാൻ പ്രാപ്തരാകുന്ന ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് നേർവഴി എന്ന പേരിൽ ഹയർ സെക്കന്ററി ഡയറക്ടറേറ്റിന്റെ അനുമതിയോടെ മോട്ടോർ വാഹന വകുപ്പ് കൊല്ലം എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ഹയർ സെക്കന്ററി സൗഹൃദ ക്ലബ്ബും( സി. ജി & എ. സി ), കൊല്ലം ട്രാക്കും സംയുക്തമായി നടത്തുന്ന പരിശീലന പദ്ധതിയുടെ ഉദ് ഘാടനം ബഹു.ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ഐ പി എസ് ( ADGP ) നിർവഹിച്ചു. നേർവഴി പരിശീലന പദ്ധതിയുടെ ആദ്യഘട്ടത്തിൽ കൊല്ലം കോർപറേഷൻ പരിധിയിലെ 15 ഹയർ സെക്കന്ററി വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും പരിശീലനം നൽകും തുടർന്ന് ജില്ലയിലെ മുഴുവൻ ഹയർ സെക്കന്ററി വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
കൊല്ലം എൻഫോഴ്‌സ്‌മെന്റ്റ് ആർ. റ്റി. ഓ അൻസാരി. എച്ച് ന്റെ അധ്യക്ഷതയിൽ കൊല്ലം വിമലഹൃദയ സ്കൂളിൽ നടന്ന പരിപാടിക്ക് കൊല്ലം ആർ. റ്റി. ഓ ജയേഷ് കുമാർ. എം. കെ സ്വാഗതം ആശംസിച്ചു. കൊല്ലം ഡി. ഈ. ഓ ഷാജി. എസ് മുഖ്യപ്രഭാഷണം നടത്തി. ട്രാക്ക് പ്രസിഡന്റും ജോയിന്റ് ആർ. റ്റി. ഓ യുമായ ആർ. ശരത്ചന്ദ്രൻ പദ്ധതിവിശദീകരണം നടത്തി. കൊല്ലം ഫയർ സ്റ്റേഷൻ ഓഫീസർ ഉല്ലാസ്. ഡി റോഡ് സുരക്ഷ സന്ദേശം നൽകി. റിട്ട എ. സി. പിയും ട്രാക്ക് എക്സിക്യൂട്ടീവ് അംഗവുമായ ജോർജ് കോശി റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലി. പരിശീലന പദ്ധതിയുടെ പോസ്റ്റർ വെസ്റ്റേൺ കാഷൂ കമ്പനി ഡയറക്ടർ വിനോദ് കുമാർ ട്രാൻസ്‌പോർട്ട് കമ്മിഷണർക്കു നൽകി പ്രകാശനം ചെയ്തു. നേർവഴി പരിശീലന പദ്ധതിയുടെ കോർഡിനേറ്റർ എം. വി. ഐ ദിലീപ് കുമാർ. കെ, വിമല ഹൃദയ സ്കൂൾ പ്രിൻസിപ്പൽ റോയ് സെബാസ്റ്റ്യൻ , സൗഹൃദ ക്ലബ് ജില്ലാ കോർഡിനേറ്റർ ജെയിംസ്. ഡി, വിമല ഹൃദയ സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രെസ് മിനി. എ, സൗഹൃദ ക്ലബ് കൺവീനർ കശ്മീർ തോമസ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ വിമല ഹൃദയ സ്കൂളിലെയും ക്രിസ്തുരാജ് സ്കൂളിലെയും വിദ്യാർഥികൾ, എസ് പി സി സ്റ്റുഡന്റസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.