January 28, 2026

വയോസേവന പുരസ്‌കാരം ഏറ്റുവാങ്ങി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്

Share this News

വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകകള്‍ക്കുള്ള 2023 ലെ വയോസേവന പുരസ്‌കാരം ഏറ്റുവാങ്ങി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ നടന്ന വയോസേവന അവാർഡ് സമർപ്പണത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ രവി പുരസ്കാരം ഏറ്റുവാങ്ങി. സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളായ സിനി പ്രദീപ്കുമാർ, പി എസ് ബാബു, പി ആർ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഐഎസ് ഉമ ദേവി, സുമനി കൈലാസ്, അമൽറാം, ബ്ലോക്ക് സെക്രട്ടറി എം ബൈജു, വയോമിത്രം സ്റ്റാഫുകളായ ജിസ്മി, സ്മിത, ലക്ഷ്മി പ്രിയ തുടങ്ങിയവരും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.

2021 മുതല്‍ വയോജനങ്ങള്‍ക്കായി നടപ്പിലാക്കിവരുന്ന ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പുകളാണ് സംസ്ഥാനതലത്തില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന് പുരസ്‌ക്കാരം നേടിക്കൊടുത്തത്. പ്രതിമാസം രണ്ടായിരത്തില്‍പ്പരം വയോജനങ്ങള്‍ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

വയോജനങ്ങള്‍ക്കു മാത്രമായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഡേ കെയര്‍, മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ആവശ്യമായ കൗണ്‍സിലിങ്ങുകള്‍, 50 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കായി സ്മൃതി പദ്ധതി തുടങ്ങിയവയെല്ലാം വയോജനങ്ങള്‍ക്കായുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. ജീവിതശൈലീ രോഗനിര്‍ണയത്തിനായി ഈ വര്‍ഷം മൊബൈല്‍ ലാബ് കൂടി പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്.

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!