October 18, 2024

ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു

Share this News
ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു


നിപ്പ പോസിറ്റീവ് ആയിരുന്ന നാലുപേരും ഡബിൾ നെഗറ്റീവ്. ആരോഗ്യവകുപ്പിന്റെ കൂട്ടായ പ്രവർത്തനമാണ് ഇതിന് പിന്നിൽ എന്നും ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഹൃദ്രോഗം വളരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനും ജീവിതശൈലി രോഗങ്ങളിൽ നിന്നും ഹൃദത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഹൃദയസ്പർശം ക്യാമ്പയിൻ ഉൾപ്പെടെ പദ്ധതികൾ തയ്യാറാക്കി മുൻപോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ മൂന്ന് മുതൽ രണ്ടാഴ്ച എല്ലാ സർക്കാർ ആശുപത്രികളിലും ജീവിതശൈലി രോഗങ്ങളുടെ സൗജന്യ പരിശോധനകൾ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘ഹൃദയസ്പര്‍ശം’ കാക്കാം ഹൃദയാരോഗ്യം എന്നപേരില്‍ സംസ്ഥാനതല കാമ്പയിന് തുടക്കം കുറിച്ചു.
ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സയ്ക്കുക, പ്രതിരോധിക്കുക, സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷാ പരിശീലനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇസിജി, ട്രോപ് ടി തുടങ്ങിയ സൗജന്യ പരിശോധനള്‍ കാമ്പയിന്റെ ഭാഗമായി ലഭ്യമാക്കും. ഓട്ടോ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, മറ്റു വോളണ്ടിയര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.

മെഡിക്കല്‍ കോളേജുകളുടെയും ഹാര്‍ട്ട് ഫൗണ്ടേഷന്റെയും സഹായത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രാഥമികതലത്തില്‍ തന്നെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന രോഗങ്ങളായ പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയവയെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആരോഗ്യ വകുപ്പ് ബൃഹത് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. ആര്‍ദ്രം ജീവിതശൈലീ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരിലുള്ള 1.48 കോടിയോളം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ഇവരില്‍ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള ആള്‍ക്കാരെ കണ്ടെത്തി വിദഗ്ധ പരിശോധനയ്ക്കായി റഫര്‍ ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദ്രോഗം വരാതെ നോക്കുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും നമുക്ക് സാധിക്കുന്നുണ്ട്.

പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ 13 ജില്ലകളിലും കാത്ത് ലാബുകള്‍ സജ്ജമാക്കി വരുന്നു. അതില്‍ 11 എണ്ണവും പ്രവര്‍ത്തനസജ്ജമാക്കി. കൂടാതെ ഇടുക്കിയില്‍ കാത്ത് ലാബ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 12 ജില്ലാ ആശുപത്രികളില്‍ കൊറോണറി കെയര്‍ ഐസിയു സജ്ജമാക്കി. ഹൃദ്രോഗം നേരത്തെ കണ്ടെത്തുന്നതിന് ആവശ്യമായ പരിശോധനാ സൗകര്യങ്ങള്‍ ഒട്ടുമിക്ക ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ട്രോപ്പ് ടി അനലൈസര്‍ എന്ന ഉപകരണത്തിലൂടെ ഹൃദയഘാതം നേരത്തെ കണ്ടെത്തുന്നതിനുള്ള സംവിധാനം താലൂക്ക്തല ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ ഈ വര്‍ഷം സ്റ്റെമി ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലുള്ള ഹൃദ്രോഗ ചികിത്സ ആരംഭിക്കുന്നതിനുള്ള പദ്ധതിയും ആവിഷ്‌ക്കരിച്ചു വരുകയാണ്.

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് അലുമ്നി ഹാളിൽ നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. കരുണാദാസ് ഹൃദയ ആരോഗ്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു.

പരിപാടിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി ഷീല, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, എൻസിഡി സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബിപിൻ കെ ഗോപാൽ, എൻഎച്ച്എം തൃശൂർ ജില്ലാ പോഗ്രാം മാനേജർ ഡോ. പി സജീവ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ലിനി ടീച്ചർ, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കെ കെ ശൈലജ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വി വി ഉണ്ണികൃഷ്ണൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇൻ ചാർജ് ഡോ. നിഷ എം ദാസ്, സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഇൻ ചാർജ് കെ എൻ അജയ് തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!