November 21, 2024
Thrissur Updation

പുത്തൂർ ചുഴലിക്കാറ്റ്: 24 മണിക്കൂറിനുള്ളിൽ അടിയന്തര നടപടികൾക്ക് റവന്യൂ മന്ത്രിയുടെ നിർദ്ദേശം

Share this News

പുത്തൂരിൽ മിന്നൽ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ അടിയന്തര നടപടികൾക്ക് റവന്യൂ മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അടിയന്തര യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. നാശനഷ്ടങ്ങൾ വിലയിരുത്തി അടിയന്തരമായി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം നിർദേശിച്ചു. തകർന്ന വീടുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകുന്നവർക്ക് വേണ്ട ഭക്ഷണവും രോഗികളുണ്ടെങ്കിൽ ആവശ്യമായ മരുന്നുകളും നൽകണം. നാശനഷ്ടം നേരിട്ട വാർഡുകളിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ സഹായസഹകരണങ്ങൾ എത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

30 വീടുകൾക്ക് ഭാഗികമായും പൂർണമായും കേടുപാടുകൾ പറ്റി. നൂറ് കണക്കിന് തേക്ക് മരങ്ങൾ, റബർ, 7000 നേന്ത്രവാഴകൾ, കാലിതൊഴുത്തുകൾ, ട്രസുകൾ, ജാതി, തെങ്ങ് എന്നിവയ്ക്ക് നാശനഷ്ടം നേരിട്ടതായി കൃഷി ഓഫീസർ ശ്രുതി രാജ് അറിയിച്ചു. നാശനഷ്ടം ഏറ്റവും കൂടുതൽ നേരിട്ട നാലാം വാർഡിൽ 14 വീടുകൾ ഭാഗികമായും രണ്ടു വീടുകൾ പൂർണമായും തകർന്നു. മേഖലയിലെ തകർന്നു വീണ ഇലക്ട്രിക് പോസ്റ്റുകൾ നന്നാക്കി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. റോഡുകളിൽ നിന്ന് മരങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ അറിയിച്ചു. വീടുകളിൽ നിന്ന് താമസം മാറേണ്ടവർക്ക് പുത്തൂർ ഗവ എൽ പി എസിൽ ക്യാമ്പ് ഒരിക്കിയതായി തഹസിൽദാർ ജയശ്രീ യോഗത്തിൽ അറിയിച്ചു. പുത്തൂർ പഞ്ചായത്തിൽ വെട്ട്ക്കാട് തമ്പുരാട്ടി മൂലയിലാണ് മിന്നൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ബുധനാഴ്ച്ച പുലർച്ചെ നാലേ മുക്കാൽ നേരത്താണ് വീശിയടിച്ച കാറ്റ് സുവോളജിക്കൽ പാർക്കിന് സമീപത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശം വിതച്ചു. മലയോര മേഖലയായ മാഞ്ചേരിയിലും തമ്പുരാട്ടിമൂലയിലുമായാണ് മുപ്പതോളം വീടുകൾക്ക് നാശനഷ്ടം നേരിട്ടത്.

യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മീഷണർ കൗശികൻ, ലാന്റ് റവന്യൂ കമ്മീഷണർ കെ ബിജു, എൽ എസ് ജി ഡി അധികൃതർ, തൃശൂർ ഡി എഫ് ഒ എസ് ജയശങ്കർ, ചാലക്കുടി റേഞ്ച് ഓഫീസർ സുമ സ്കറിയ, പുത്തൂർ പഞ്ചായത്ത് അംഗങ്ങളായ ജിനോ ടി സി, ലിബി വർഗീസ്, പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, കെ എസ് ഡി എം എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Thrissur Updation

Thrissur Updation

error: Content is protected !!