
വടക്കുന്നാഥ ക്ഷേത്ര പുനരുദ്ധാരണത്തിന് 50 കോടിയുടെ പദ്ധതി രൂപരേഖ
വടക്കുന്നാഥ ക്ഷേത്രത്തിന്റെയും തേക്കിൻകാട് മൈതാനത്തിന്റെയും പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി 50 കോടി രൂപയുടെ പദ്ധതി രൂപരേഖ ടി.എൻ. പ്രതാപൻ എം.പി. കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഢിക്ക് സമർപ്പിച്ചു. വടക്കുന്നാഥ ക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം തുടങ്ങിയവ പ്രസാദ് പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കണമെന്ന് ടി.എൻ. പ്രതാപൻ നേരത്തെ പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, കേന്ദ്ര സാംസ്കാരിക-പുരാവസ്തു വകുപ്പുകൾ സാധ്യതാപഠനം നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നവീകരണ-പുനരുദ്ധാരണ പ്രവർത്തങ്ങൾക്കുള്ള വിശദ രൂപരേഖ മന്ത്രിക്ക് കൈമാറിയത്.
തൃശ്ശൂർ പൂരത്തിനും വെടിക്കെട്ടിനും മറ്റ് ആചാര, ആഘോഷ പരിപാടികൾക്കും സ്ഥലസൗകര്യം ഉറപ്പുവരുത്തി, ബാക്കിയുള്ള ഇടങ്ങളിൽ പുതിയ മരങ്ങളും ഔഷധത്തോട്ടവും ക്രമീകരിക്കാനാണ് പദ്ധതി. ഭൂഗർഭ ജലസമ്പത്തിന്റെ സംരക്ഷണവും പദ്ധതി ലക്ഷ്യമിടുന്നു. മാലിന്യനിർമാർജനത്തിന് നവീനവും നൂതനവുമായ ശാസ്ത്രീയരീതികൾ അവലംബിക്കും. സൗരോർജത്തിലൂടെ ഊർജോത്പാദനത്തിനുള്ള സജ്ജീകരണങ്ങളും പദ്ധതിയുടെ സവിശേഷതയാണ്. ദേവസ്വം ഓഫീസിന്റെ പുനരുദ്ധാരണത്തോടൊപ്പം അതിനോടുചേർന്ന് പൂരം മ്യൂസിയവും സ്ഥാപിക്കാനും ലക്ഷ്യമുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

