യുവതലമുറ തൊഴിൽദാതാക്കളാകണം : ഡോ. ആർ ബിന്ദു
കണക്ട് കരിയർ ടു ക്യാമ്പസ് പ്രവർത്തന ഉദ്ഘാടനം തൃശ്ശൂർ എഞ്ചിനീയറിങ് കോളേജിൽ നിർവഹിച്ചു
പുതിയ ലോകത്തിൻറെ മാറ്റത്തിനനുസരിച്ച് ദിശാബോധം പകരുന്ന സാഹചര്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. തൃശൂർ എൻജിനീയറിങ് കോളജിൽ നടന്ന കണക്ട് കരിയർ ടു ക്യാമ്പസ് 2023-24 ൻ്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ പറ്റിയ സാഹചര്യങ്ങൾ എല്ലാം പുതു തലമുറ പരമാവധി പ്രയോജനപ്പെടുത്തണം. ഉന്നത വേതനം ലഭിക്കുന്ന ജോലി എന്ന ലക്ഷ്യത്തോടൊപ്പം തൊഴിൽ ദാതാക്കളായ സംരംഭകരായി യുവതലമുറ മാറണമെന്നും മന്ത്രി പറഞ്ഞു.
നവവജ്ഞാനിക സമൂഹമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അഭിരുചിക്ക് അനുസരിച്ച് മികവിലേയ്ക്ക് വിദ്യാർത്ഥി സമൂഹമെത്തണം. ഉയർന്ന ജീവിത നിലവാരം, മികച്ച സാമ്പത്തിക അടിത്തറ എന്നിവയെല്ലാം മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും ഡോ. ആർ ബിന്ദു പറഞ്ഞു. ക്യാമ്പസ് പ്ലേസ്മെൻ്റിൽ 751 കുട്ടികൾക്ക് അവസരം ലഭിച്ച തൃശൂർ എൻജിനീയറിങ് കോളജിനെ മന്ത്രി അഭിനന്ദിച്ചു.
പഠനത്തോടൊപ്പം വ്യാവസായിക തൊഴിൽ മേഖലകളിലെ അവസരങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ തൊഴിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള നോളജ് ഇക്കണോമി മിഷൻ കണക്ട് കരിയർ ടു ക്യാമ്പസ് ആരംഭിച്ചത്. മാറിയ തൊഴിൽ മേഖലക്ക് അനുസൃതമായുള്ള തൊഴിലവസരങ്ങൾക്കായി പഠനം പൂർത്തിയാക്കുന്നതോടൊപ്പം തന്നെ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. രാജശ്രീ എം എസ്, കെകെഇഎം സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. സി. മധുസൂദനൻ, ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, തൃശ്ശൂർ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പാൾ ഡോ. സതീഷ് കെ പി, കെ ടി യു ഡീൻ റിസർച്ച് ഡോ. ശാലിജ് പി. ആർ തുടങ്ങിയവർ പങ്കെടുത്തു.