
പി.എഫ്. അംഗങ്ങൾക്ക് ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള അവസാനദിവസം ഇന്ന്
സുപ്രീംകോടതി വിധിപ്രകാരം പി.എഫ്. അംഗങ്ങൾക്ക് ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള അവസാനദിവസമാണ് തിങ്കളാഴ്ച. ഇതുസംബന്ധിച്ച ആശങ്കകളും നടപടിക്രമങ്ങളിലെ സങ്കീർണതകളും കാരണം ഒട്ടേറെപ്പേർക്ക് ഇനിയും ഓപ്ഷൻ നൽകാൻ സാധിച്ചിട്ടില്ല. ഇക്കാരണത്താൽ സർക്കാർ വീണ്ടും സമയം നീട്ടിനൽകുമെന്ന പ്രതീക്ഷയിലാണ് പി.എഫ്. അംഗങ്ങൾ.നവംബർ നാലിനാണ് പി.എഫ്. അംഗങ്ങൾക്ക് യഥാർഥശമ്പളത്തെ അടിസ്ഥാനമാക്കി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീംകോടതി വിധിയുണ്ടായത്. ഇതുപ്രകാരം യഥാർഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള വിഹിതം പെൻഷൻ ഫണ്ടിലേക്ക് വകമാറ്റാനുള്ള ഓപ്ഷൻ നൽകാൻ മാർച്ച് മൂന്നായിരുന്നു അവസാനദിവസമായി നിശ്ചയിച്ചിരുന്നത്. പിന്നീടിത് മേയ് മൂന്നിലേക്കും ജൂൺ 26-ലേക്കും നീട്ടുകയായിരുന്നു. ഇതിനിടെ, ഇ.പി.എഫ്. പദ്ധതിയുടെ 26(6) ഖണ്ഡികയിൽ പറയുന്ന അനുവാദം ഓപ്ഷനോടൊപ്പം സമർപ്പിക്കണമെന്ന് ഇ.പി.എഫ്.ഒ. പറഞ്ഞതും വിഷയം സങ്കീർണമാക്കി. യഥാർഥ ശമ്പളത്തിന്റെ 12 ശതമാനം തുകതന്നെ പി.എഫിലേക്ക് അടയ്ക്കാൻ അനുമതി വാങ്ങണമെന്നാണ് ഇതിൽ പറയുന്നത്. എന്നാൽ, ഇതിന്റെ തെളിവ് പിന്നീട് സമർപ്പിച്ചാൽ മതിയെന്ന് ഇ.പി.എഫ്.ഒ. പറഞ്ഞത് അംഗങ്ങൾക്ക് ആശ്വാസമായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
