
മാള മെറ്റ്സ് കോളേജിൽ “പ്രോഡക്റ്റ് ഡെവലപ്പ്മെന്റ്” പരിശീലന പരിപാടി നടത്തി
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകളുടെ ഇൻക്യുബേഷൻ സെന്ററുകൾ ആയി മാറണമെന്ന് “സാറ ബയോ ടെക്” ഓപ്പറേഷൻസ് ഹെഡ് ആയ സുനീബ് ടി. കെ. അഭിപ്രായപ്പെട്ടു. മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ അവസാന വർഷ വിദ്യാർത്ഥികൾക്കായുള്ള “പ്രോഡക്റ്റ് ഡെവലപ്മെന്റി” നെ കുറിച്ചുള്ള പരിശീലന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിൻറെ വ്യാവസായിക സംസ്കാരം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യാഭ്യാസ രംഗം അതിനനുസരിച്ച് മാറേണ്ടതുണ്ട്. വിദ്യാർത്ഥികൾ കോളേജിൽ നിന്നു തന്നെ സ്റ്റാർട്ടപ്പുകൾ തുടങ്ങി വിദ്യാഭ്യാസകാലം കഴിയുന്നതോടെ നല്ലൊരു വ്യവസായ സംരംഭകൻ ആകാൻ അവർക്ക് കഴിയും – അദ്ദേഹം തുടർന്ന് പറഞ്ഞു. മെറ്റ്സ് കോളേജിലെ ബയോടെക്നോളജി ലാബും കമ്പ്യൂട്ടർ ലാബുകളും മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ വർക്ക് ഷോപ്പുകളും കോളേജിൽ തന്നെ വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് തുടങ്ങുന്നതിന് വളരെ അനുയോജ്യമാണെന്ന് പരിശീലന പരിപാടിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. “സാറ ബയോടെക്” എന്ന സ്റ്റാർട്ടപ്പ് ചെറിയ മുതൽമുടക്കിൽ തുടങ്ങി ഇന്ന് അന്താരാഷ്ട്ര തലത്തിൽ വേരുറപ്പിച്ച നൂറുകോടിയിലധികം വിറ്റു വരവുള്ള വ്യവസായമായി മാറിയ നാൾവഴികൾ സാറാ പ്രോഡക്റ്റ് സ്കൂൾ സീനിയർ സയന്റിസ്റ്റ് ആദിത്യ വിശദീകരിച്ചു ബയോടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ദീപക് വർഗീസ് സ്വാഗതവും പ്രിൻസിപ്പാൾ ഡോ. ബിനു ബി. പിള്ള കീ – നോട്ട് അഡ്രസ്സും ബയോടെക്നോളജി ബി ടെക്ക് അവസാന വർഷ വിദ്യാർത്ഥി അനൻ സി.എം. നന്ദിയും പ്രകാശിപ്പിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

