January 31, 2026

അമ്പതിനായിരം പേർക്ക് തടസരഹിതമായി വൈദ്യുതി ലഭിക്കും; മന്ത്രി കെ കൃഷ്ണൻ കുട്ടി

Share this News

അമ്പതിനായിരം പേർക്ക് തടസരഹിതമായി വൈദ്യുതി ലഭിക്കും; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലയ്ക്കൽ 33 കെ വി സബ് സ്റ്റേഷൻ 110 കെ.വിയാക്കി ശേഷിവർദ്ധിപ്പിച്ചതിലൂടെ അമ്പതിനായിരം പേർക്ക് തടസരഹിതമായി വൈദ്യുതി ലഭിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. അവിണിശ്ശേരി പഞ്ചായത്തിലെ പാലയ്ക്കൽ 33 കെ വി സബ് സ്റ്റേഷൻ 110 കെ.വിയാക്കി ശേഷിവർദ്ധിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വൈദ്യുതി ചെലവ് കുറച്ചാൽ മാത്രമേ നമുക്ക് കുറഞ്ഞ ചെലവിൽ വൈദ്യുതി നൽകാൻ കഴിയൂ. വൈദ്യുതി ഉൽപാദന രംഗത്ത് മുന്നോട്ട് വന്നാൽ മാത്രമാണ് അതിന് സാധിക്കുക. ഉൽപാദന മേഖലയ്ക്ക് വലിയ മാറ്റം ഉണ്ടായാൽ വികസന രംഗത്തും മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോൾ വൈദ്യുതി ഉൽപാദനത്തിൽ 500 മെഗാ വാട്ടിന്റെ വർധനവ് ഉണ്ടാവുകയും 1500 മെഗാ വാട്ടിന്റെ പദ്ധതികൾ പുരോഗമിക്കുകയാണെന്നും 5,00,000 കാർഷിക ആവശ്യത്തിനുള്ള പമ്പ് സെറ്റുകൾ കുസും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സബ് സ്റ്റേഷന്റെ നിർമ്മാണ സമയത്ത് ട്രാൻസ്ഫോർമറുകൾ കൊണ്ടുവരുന്നതിന് വഴിയിലെ പുരയിടങ്ങളുടെ ചുറ്റുമതിലുകൾ പൊളിച്ചുമാറ്റി റോഡും സൗകര്യങ്ങളും ഒരുക്കിത്തന്നതിന് നാട്ടുകാരോട് നന്ദിയുണ്ടെന്നും അവരെ അഭിനന്ദിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സബ്സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷനായി. സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ പ്രസരണ നഷ്ടം കുറയ്ക്കുക, വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി വൈദ്യുതി പ്രസരണ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാലയ്ക്കൽ 33 കെ.വി സബ് സ്റ്റേഷനെ 110 കെ.വി. ആയി ഉയർത്തിയിരിക്കുന്നത്.

നിലവിൽ ചേർപ്പ് സബ്സ്റ്റേഷനെ മാത്രം ആശ്രയിച്ചിരുന്ന പാലയ്ക്കൽ സബ് സ്റ്റേഷൻ, ഇനിമുതൽ മാടക്കത്തറയിൽ നിന്നും വലപ്പാട് നിന്നും വ്യത്യസ്ത 110 കെ.വി. ഫീഡറുകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ തടസ്സരഹിതമായ വൈദ്യുതി പ്രദേശത്ത് ലഭ്യമാകും. അവിണിശ്ശേരി പഞ്ചായത്തിലെ മുഴുവൻ ഉപഭോക്താക്കൾക്ക് മാത്രമല്ല കൂർക്കഞ്ചേരി, ഒല്ലൂർ, അമ്മാടം ഇലക്ട്രിക്കൽ സെക്ഷനുകളിലും ഉള്ള ഏകദേശം അരലക്ഷത്തിൽ പരം ഉപഭോക്താക്കൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പദ്ധതിയുടെ ഭാഗമായി സബ്സ്റ്റേഷനിൽ 12.5 എം.വി.എ. ശേഷിയുള്ള രണ്ട് 110/11 കെ.വി. ട്രാൻസ്ഫോർമറുകൾ ആണ് സ്ഥാപിച്ചിരിക്കുന്നത്. 7.8 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത് .

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ രാധാകൃഷ്ണൻ, അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരി സി നരേന്ദ്രൻ, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സുകുമാരൻ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ ചാണാശ്ശേരി, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇന്ദിര ജയകുമാർ, വി ഐ ജോൺസൻ, ഉത്തര മേഖല പ്രസരണ വിഭാഗം ചീഫ് എഞ്ചിനീയർ എസ് ശിവദാസ്, ഇരിങ്ങാലക്കുട ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.സി ഗിരിജ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ മോഹനൻ , റാഫി കാട്ടൂക്കാരൻ , ടി.എം അശോകൻ, എം.പി പ്രവീൺ, വ്യാപാരി വ്യവസായ ഏകോപന സമിതിയിലെ സുനിൽ സൂര്യ, അവിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശശിധരൻ മാസ്റ്റർ, അവിണിശ്ശേരി ഏലാ നെല്ലുത്പാദക സമൂഹം പ്രസിഡന്റ് വി.ആർ ബാലകൃഷ്ണൻ , ഏലാ നെല്ലുത്പാദക സമൂഹം സെക്രട്ടറി സി എം ഉണ്ണികൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാംസ്കാരിക – സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!