
സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും
സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിലാണ് തീരുമാനം. 2018 സിനിമ കരാർ ലംഘിച്ച് ഒടിടിയ്ക്ക് നേരത്തെ നൽകിയതാണ് പ്രതിഷേധത്തിനു കാരണമായത്. സുചന പണിമുടക്കെന്ന രീതിയിലായിരിക്കും തിയേറ്ററുകൾ അടച്ചിടുക. നാളെയും മറ്റന്നാളുമായി തിയേറ്ററുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾക്ക് പണം തിരികെ നൽകുമെന്നും ഉടമകൾ പറയുകയുണ്ടായി.അടുത്ത കാലത്ത് പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു 2018. ചിത്രം തിയേറ്ററിലെത്തി 42 ദിവസങ്ങൾക്കു ശേഷം മാത്രമെ ഒടിടിയിക്ക് നൽകാനാകൂ എന്ന കരാറാണ് അണിയറപ്രവർത്തകർ ലംഘിച്ചതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 7 മുതൽ 2018 ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിൽ സ്ട്രീം ചെയ്യാനിരിക്കെയാണ് ഉടമകളുടെ ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.