തൃശൂർ പൂരത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി
തൃശൂർ പൂരത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും സുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തുന്നതിനുമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.
പോലീസ് കൺട്രോൾ റൂമിന്റെ സഹായത്തോടെ പഴുതടച്ച സുരക്ഷാ മുൻകരുതലകളാണ് പൂരത്തിനായി ഒരുക്കിയിട്ടുള്ളത്. തൃശ്ശൂർ റൗണ്ടിലും പരിസരങ്ങളിലും നിലവിലുള്ള 340 ക്യാമറകളും, പൂരത്തിനായി പ്രത്യേകം ഒരുക്കിയിട്ടുള്ള 125 ക്യാമറകളുമടക്കം 475 ക്യാമറകൾ പൂരനഗരിയെ 24 മണിക്കൂറും നിരീക്ഷിക്കും. സ്വരാജ് റൗണ്ടിൽ 50 മീറ്റർ ഇടവിട്ടും റൗണ്ടിനോട് ചേർന്നുള്ള സമീപപ്രദേശങ്ങളിൽ 200 മീറ്ററും ഇടവിട്ട് കേരള പോലീസിന്റെ പി ടി സെഡ്, എ എൻ പി ആർ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ക്യാമറകൾ നിരീക്ഷണം ഉറപ്പാക്കും. തെക്കേഗോപുരനടയ്ക്ക് സമീപത്തായി ഒരുക്കിയിട്ടുള്ള പോലീസ് കൺട്രോൾ റൂമിൽ ക്യാമറ നിരീക്ഷണങ്ങൾക്കായി 20 ഉദ്യോഗസ്ഥരും, 8 ടെക്നിക്കൽ സ്റ്റാഫും പ്രവർത്തിക്കുന്നു.
ജില്ലാ കളക്ടർ കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തിരുവമ്പാടി, പാറമേക്കാവ് ദേവസങ്ങളുടെ ആനകളെ ആരോഗ്യ പരിശോധന നടത്തുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. തെക്കേഗോപുരനടയിലെ ഇന്റർനാഷണൽ പവലിയനും മീഡിയ പവലിയനും സന്ദർശിച്ച് സുരക്ഷാ മുൻകരുതലുകൾ പരിശോധിച്ചു.
റവന്യൂ വകുപ്പ് മന്ത്രി മന്ത്രി കെ രാജൻ, തൃശ്ശൂർ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ പരിശോധനയിൽ ഭാഗമായി.