
കാലത്ത് അഞ്ചുമണിക്ക് ഗ്രൌണ്ടിലെത്തും. ഏഴുമണിവരെ കായിക പരിശീലനം. ഇതിനുശേഷം എട്ടുമണിക്ക് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഹാജർ. ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തിയാൽ ഫോണിലൂടെ പരീക്ഷയ്കു തയ്യാറാവുന്നവർക്കു വേണ്ടിയുള്ള നിർദ്ദേശങ്ങളും അവരുടെ സംശയ നിവാരണങ്ങളും. പോലീസ് സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിയിൽ ഉറക്കമിളച്ചിട്ടാണെങ്കിലും പിറ്റേന്ന് ഗ്രൌണ്ടിൽ പരിശീലനത്തിനു തയ്യാർ.
പറഞ്ഞു വരുന്നത് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എൻ.എസ്. സോജുമോൻ എന്നയാളെക്കുറിച്ചാണ്.
കായികപരിശീലനം മാത്രമല്ല, പി.എസ്.സി എഴുത്തുപരീക്ഷ എഴുതുന്നതിനു വേണ്ടി സിലബസ് അനുസരിച്ചുള്ള പരിശീലനം, മറ്റു നിർദ്ദേശങ്ങൾ എല്ലാം ക്രമമായി അടുക്കും ചിട്ടയോടെയും പകർന്നുനൽകുകയാണ് സോജുമോൻ. കുന്നംകുളം പഴഞ്ഞി സ്കൂൾ ഗ്രൌണ്ട് കേന്ദ്രീകരിച്ച് സോജുമോൻ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനത്തിലൂടെ ഇതിനോടകം അമ്പതോളം ചെറുപ്പക്കാർ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഇടംനേടി. സ്ത്രീകളുൾപ്പെടെ ഇരുപത്തിയഞ്ചോളം പേർ ഇതിനോടകം ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലാണ് N.S.സോജുമോൻ ജോലി ചെയ്യുന്നത്. ഇതിനുമുമ്പ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ ജോലിചെയ്യുമ്പോൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഡ്രിൽ പരിശീലകനായിരുന്നു. പഴഞ്ഞി ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ, പെരുമ്പിലാവ് അൻസാർ സ്കൂൾ എന്നിവിടങ്ങളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ഡ്രിൽ പരിശീലകനായി സോജുമോൻ പ്രവർത്തിച്ചു. അക്കാലത്തെ മികച്ച പ്രവർത്തനം ഈ പോലീസുദ്യോഗസ്ഥനെ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും പ്രിയപ്പെട്ടവനാക്കി മാറ്റി. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിയിലെ അംഗങ്ങളായിരുന്ന ഏതാനും വിദ്യാർത്ഥികൾ പോലീസ് സേനയിൽ ചേരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. PSC പരിശീലന കേന്ദ്രവും കായികപരിശീലന കേന്ദ്രവും തുടങ്ങുന്നതിന് സോജുമോനെ പ്രേരിപ്പിച്ചത് ഇതായിരുന്നു. അങ്ങിനെ പഴഞ്ഞി സ്കൂൾ ഗ്രൌണ്ട് കേന്ദ്രീകരിച്ച് ഒരു സൌജന്യ പരീക്ഷ പരിശീലന കേന്ദ്രവും കായിക പരിശീലന കേന്ദ്രവും സോജുമോൻ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയത്. പഴഞ്ഞി സ്കൂളിലെ കായികാധ്യാപകൻ സുജീഷും സമീപത്തെ വായനശാല അംഗങ്ങളും എല്ലാ പ്രവർത്തനങ്ങൾക്കും തികഞ്ഞ സഹകരണവുമായി സോജുമോന്റെ ഒപ്പം നിൽക്കുന്നു.
സ്കൂൾ ഗ്രൌണ്ടിൽ രാവിലെ വ്യായാമത്തിനായി എത്തുന്ന യുവാക്കളും പോലീസുദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന കായിക പരിശീലന പരിപാടിയിൽ താൽപ്പര്യം പ്രകടിപ്പിച്ചു. ഏതു തിരിക്കിട്ട ഡ്യൂട്ടികഴിഞ്ഞിട്ടായാലും രാവിലത്തെ കായിക പരിശീലനത്തിന് ഒരു മുടക്കവും വരുത്തുകയില്ല. നിലവിൽ നാല്പതോളം പേർക്ക് സോജുമോൻ പരിശീലനം നൽകുന്നുണ്ട്. പരിസര പ്രദേശങ്ങളിൽ നിന്നുമാത്രമല്ല ദൂരദേശങ്ങളിൽ നിന്നുള്ളവരും സോജുമോന്റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നു.
തിരക്കുപിടിച്ച പോലീസ് ജോലികൾക്കിടയിലും പ്രദേശത്തെ ചെറുപ്പക്കാരെ പോലീസ് വകുപ്പിലേക്കും ഇതര ഡിപ്പാർട്ടുമെന്റുകളിലേക്കും കൈപിടിച്ച് ഉയർത്തുന്നതിനുള്ള തന്റെ എളിയ ശ്രമം മാത്രമാണ് ഇതെന്നാണ് സോജുമോൻ വളരെ വീനീതനായി പറയുന്നത്. ഇദ്ദേഹം നടത്തുന്ന പരിശീലന ക്യാമ്പിൽ പ്രതീക്ഷയോടെ പങ്കെടുക്കുന്ന എല്ലാവരും ഏറെ വൈകാതെ പോലീസ് സേനയിലേക്ക് കാലെടുത്തുവയ്കും എന്ന് പ്രത്യാശിക്കാം.
കർത്തവ്യനിർവഹണത്തിനിടയിലും ശ്രദ്ധേയമായ സാമൂഹികപ്രവർത്തനങ്ങൾകൊണ്ട് സമൂഹത്തിൽ കാതലായ മാറ്റം വരുത്താൻ പ്രയത്നിക്കുന്ന സിവിൽ പോലീസ് ഓഫീസർ N.S. സോജുമോന് അഭിനന്ദനങ്ങൾ
പ്രദേശിക വർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG


