January 27, 2026

ശിവശങ്കരന് ലൈഫിന്റെ കൈത്താങ്ങ്: അതിദരിദ്രരുടെ ലിസ്റ്റിൽ ജില്ലയിൽ ആദ്യം പൂർത്തീകരിച്ച വീട് കൈമാറി

Share this News

ശിവശങ്കരന് ലൈഫിന്റെ കൈത്താങ്ങ്: അതിദരിദ്രരുടെ ലിസ്റ്റിൽ ജില്ലയിൽ ആദ്യം പൂർത്തീകരിച്ച വീട് കൈമാറി

അതിദരിദ്രരിൽ ഉൾപ്പെട്ട ശിവശങ്കരനും കുടുംബത്തിനും ഇനി സർക്കാർ ഒരുക്കിയ തണലിൽ അന്തിയുറങ്ങാം. സർക്കാരിന്റെ ലൈഫ് ട്വന്റി ട്വന്റി പദ്ധതിയിലുൾപ്പെട്ട അതിദരിദ്രരിൽ ജില്ലയിൽ ആദ്യം പണി പൂർത്തീകരിച്ചത് ശിവശങ്കരൻ – ഗിരിജ ദമ്പതികളുടെ വീടാണ്. വർഷങ്ങളായി പശുത്തൊഴുത്ത് വീടാക്കിയ വേലൂർ പഞ്ചായത്തിലെ എടാട്ട് പറമ്പിൽ ശിവശങ്കരനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമായി. ഏകമകൾ സന്നിധിയുടെ വിവാഹം നടക്കാനിരിക്കേ ചോർന്നൊലിക്കുന്ന കൊച്ചുകൂരയിൽ നിന്ന് പഞ്ചായത്ത് ഈ കുടുംബത്തിന് സുരക്ഷിതമായ വീട് സമ്മാനിച്ചപ്പോൾ ജീവിതത്തിന് ഇരട്ടി മാധുര്യമായി. ഏപ്രിൽ 30നാണ് മകളുടെ വിവാഹം.

ആദ്യം ഹോട്ടൽ നടത്തിയിരുന്നെങ്കിലും കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്ന് വീണതോടെ ഇവരുടെ വരുമാനം നിലച്ചു. പിന്നീട് പശുക്കളെ വളർത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഭാര്യ ഗിരിജയ്ക്ക് മൂന്ന് വർഷം മുമ്പ് നട്ടെല്ലിന് സർജ്ജറി കഴിഞ്ഞതിനെ തുടർന്ന് എഴുന്നേറ്റ് നടക്കാൻ കഴിയാതായി. ഭാര്യയുടെ ചികിത്സാ ചെലവും ഈ വരുമാനത്തിൽ നിന്നാണ് കണ്ടെത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തിൽ കുടുംബത്തെ ഉൾപ്പെടുത്തിയത്.

അതിദരിദ്രരിൽ ഉൾപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനയ്ക്കുള്ള നടപടി പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്. വേലൂർ ഗ്രാമപഞ്ചായത്തിന്റെ സന്ദർഭോചിത ഇടപെടൽ ഇവരുടെ ജീവിതത്തിൽ പുതിയ വെളിച്ചമേകി. നാല് ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്.

വീടിന്റെ താക്കോൽദാനം എ സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി, വൈസ്.പ്രസിഡന്റ് കർമല ജോൺസൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി ദിലീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സപ്ന റഷീദ്, വാർഡ് മെമ്പർമാരായ വിമല നാരായണൻ, ശുഭ അനിൽകുമാർ, ബിന്ദു ശർമ, അനിൽ, ഹരിത കർമസേന പഞ്ചായത്ത് സെക്രട്ടറി ബിന്ദു നന്ദനൻ, വിഇഒ പി സി രശ്മി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!