April 23, 2025

ചന്ദനത്തോപ്പ് ഡിസൈന്‍ ഇൻസ്റ്റ്യൂട്ടിൽ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും ;മന്ത്രി വി ശിവന്‍കുട്ടി

Share this News

ചന്ദനത്തോപ്പ് ഡിസൈന്‍ ഇൻസ്റ്റ്യൂട്ടിൽ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും ;മന്ത്രി വി ശിവന്‍കുട്ടി


കൊല്ലം ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ഡിസൈനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരള സ്റ്റേറ്റ് ഓഫ് ഡിസൈനില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. അധ്യാപകരുടെ കുറവ് പരിഹരിക്കും. ഡിസൈന്‍ പ്രോഗ്രാമിനായിട്ടുള്ള ക്ലാസുകള്‍ സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിന് എട്ട് അധ്യാപകരുടെ സേവനം ആവശ്യമാണ്. ആവശ്യമുള്ള അധ്യാപകരെ സ്ഥിരമായോ കരാര്‍ അടിസ്ഥാനത്തിലോ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാകുന്നത് വരെ അഡ് ഹോക്ക് ഫാക്കല്‍റ്റിമാരെ നിയമിക്കും. ഡിസൈന്‍ രംഗത്ത് മികച്ച പരിശീലനം നല്‍കുന്ന ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന സ്ഥാപനമാക്കി കെ എസ് ഐ ഡി യെ മാറ്റണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.വിദ്യാര്‍ഥികളും രക്ഷിതാക്കളും അറിയിച്ചിട്ടുള്ള ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത സമയബന്ധിതമായി പരിഹരിക്കുന്നതിന് തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറി, കെ എ എസ് ഇ മാനേജിംഗ് ഡയറക് ടര്‍, കെ എസ് ഐ ഡി പ്രിന്‍സിപ്പല്‍ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തും. മൂന്നുമാസത്തിനുള്ളില്‍ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഡിസൈന്‍ മേഖലയിലെ കൂടുതല്‍ വിഷയങ്ങളില്‍ ബിരുദ കോഴ്‌സുകള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. പിജി ഡിപ്ലോമ കോഴ്‌സുകളുടെ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരങ്ങള്‍ ഒരുക്കുകയും കോഴ്‌സുകള്‍ വിജയകരമായ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് വ്യവസായ സംരംഭകരുമായി ബന്ധപ്പെട്ട് പ്ലേസ്‌മെന്റ് ലഭ്യമാക്കും. അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റല്‍ എന്നിവയുടെ നിര്‍മാണം സംബന്ധിച്ച സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി ലേബര്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തും.
സ്ഥാപനത്തിലെ അഡ്മിനിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസം മേഖലയുമായും സാങ്കേതിക വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ളവരുടെ സേവനം ഇതിലേക്കായി പ്രയോജനപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.അപ്പാരെല്‍ ലാബ്, പ്രോഡക്റ്റ് ലാബ്, ടെക്‌സ്‌റ്റൈല്‍ ലാബ്, ക്ലാസ് റൂം, നിര്‍മാണ തടസത്തിലിരിക്കുന്ന ഹോസ്റ്റല്‍ എന്നിവ മന്ത്രി സന്ദര്‍ശിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ മനോജ് കിണി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍ ഗിരിധരന്‍ നായര്‍, അധ്യാപകര്‍, വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!