
ഇരുകരകൾ കൈകോർത്തു; അഴിമാവ്കടവ് പാലം യാഥാർഥ്യമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തു.
താന്ന്യം, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കരുവന്നൂർ പുഴയുടെയും കനോലി കനാലിൻ്റെയും കുറുകെ നിർമ്മിച്ച അഴിമാവ്കടവ് പാലം നാടിന് സമർപ്പിച്ചു. ഇരുപഞ്ചായത്തുകളിൽ നിന്നുമെത്തിയ വൻജനാവലിയുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തു.
ഈ സർക്കാരിൻ്റെ കാലയളവിനുള്ളിൽ 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തികരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്നേമുക്കൽ വർഷത്തിനുള്ളിൽ 50 പാലങ്ങൾ പൂർത്തീകരിക്കാനായി. 6 പാലങ്ങളുടെ കൂടി ഉദ്ഘാടനം 3 മാസങ്ങൾക്കുള്ളിൽ നടക്കും. 600 കോടി 75 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. 144 പാലം പ്രവൃത്തികളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. 1208 കോടി രൂപ പാലം പ്രവൃത്തികൾക്കായി ചെലവഴിക്കുകയാണ്. പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റണം. പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ സഹകരണത്താൽ 2023- 24 വർഷത്തിൽ 50 പാലങ്ങൾ സംസ്ഥാനത്ത് ദീപാലകൃതമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷനായി. ആർബിഡിസി എംഡി എസ് സുഹാസ് ഐഎഎസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, മുൻ എംഎൽഎ ഗീതാ ഗോപി, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ കൃഷ്ണകുമാർ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ രതി അനിൽകുമാർ, ടി കെ ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള അരുണൻ, ഷീന പറയങ്ങാട്ടിൽ, എം എ ഹാരിസ് ബാബു, സി ആർ മുരളീധരൻ, വി ആർ വിജയൻ, ആർബിഡിസികെ ജനറൽ മാനേജർ ടി എസ് സിന്ധു എന്നിവർ സംസാരിച്ചു.
തൃശ്ശൂർ, ചാലക്കുടി പാർലമെൻ്റ് മണ്ഡലങ്ങളെയും നാട്ടിക, കയ്പമംഗലം അസംബ്ലി നിയോജകമണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പാലം. 19 കോടി രൂപ ചിലവിൽ നിർമ്മിച്ച പാലത്തിന് 361 മീറ്റർ നീളവും 11മീറ്റർ വീതിയുമുണ്ട്. പാലം യാഥാർത്ഥ്യമായതോടെ ഇരു കരകളിലെയും ജനങ്ങൾക്ക് വലിയ തോതിൽ യാത്രാദൈർഘ്യം ലാഭിക്കാം. താന്ന്യം, അന്തിക്കാട്, ചാഴൂർ, പാറളം, ചേർപ്പ് പഞ്ചായത്തിലുള്ളവർക്ക് എറണാകുളത്തേക്കുള്ള യാത്രയിൽ 10 കിലോമീറ്ററിലധികം കുറവ് വരും. താന്ന്യം പഞ്ചായത്തിൻ്റെ തെക്കൻ മേഖലയിലുള്ളവർക്ക് പ്രധാന വ്യാപാരമേഖലയായ കാട്ടൂർ ചന്തയിലെത്താൻ ഇനി ഏതാനും മിനിറ്റുകൾ മതി. എടത്തിരുത്തി, കാട്ടൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് തീരദേശ ഹൈവേയിലേയ്ക്കും തൃപ്രയാർ, വാടാനപ്പള്ളി, ഗുരുവായൂർ എന്നിവിടങ്ങളിലേയ്ക്കെത്താനുള്ള എളുപ്പവഴിയായി ഈ പാലം മാറും.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

