മാള മെറ്റ്സ് കോളേജിൽ “സ്വരലയ ’23” അനൂപ് ശങ്കർ ഉദ്ഘാടനം ചെയ്തു
പുതിയ തലമുറയിലെ വിദ്യാർത്ഥികൾ ക്ഷമാശീലവും നിരന്തര ശ്രമവും ഉണ്ടാക്കുവാൻ ശ്രമിക്കണമെന്ന് പ്രശസ്ത പിന്നണി ഗായകനും സ്റ്റേജ് പെർഫോമറുമായ അനൂപ് ശങ്കർ പറഞ്ഞു. ജീവിത വിജയം നേടാൻ ഇത് കൂടിയേ തീരു എന്നും സ്വന്തം ജീവിതാനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കോളേജുകളിലെ “സ്വരലയ ’23” സ്റ്റുഡന്റ്സ് യൂണിയന്റേയും ആർട്സ് ഡേയുടെയും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദിയിലെയും മലയാളത്തിലെയും പാട്ടുകൾ പാടി അദ്ദേഹം വിദ്യാർത്ഥികളെ ആസ്വദിപ്പിച്ചു. അദ്ദേഹം പാടിയ നാടൻ പാട്ടുകൾ താളത്തിനൊത്ത് കയ്യടിച്ചാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് മെറ്റ്സ് പോളിടെക്നിക് കോളേജ് മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങൾ സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടി സംയുക്തമായി സംഘടിപ്പിച്ചതിന് മൂന്നു കോളേജുകളിലെ സ്‌റ്റുഡന്റ്സ് യൂണിയനുകളെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി അഭിനന്ദിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾക്ക് യൂണിയൻ സ്റ്റാഫ് അഡ്വൈസറും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ പ്രൊഫ. രമേഷ് കെ.എൻ. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അഡ്മിനിസ്ട്രേറ്റർ ടി ജി നാരായണൻ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ബിനു ബി. പിള്ള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് പ്രിൻസിപ്പൽ ഡോ. ഫോൺസി ഫ്രാൻസിസ് മെറ്റ്സ് പൊളിടെക്നിക് കോളേജ് ഡീൻ ഏലിയാസ് കെ വി, മെറ്റ്സ് പോളിടെക്നിക് ചെയർപേഴ്സൺ ഷാൽവിൻ ഷാജു തുടങ്ങിയവർ അഭിനന്ദനങ്ങൾ നേർന്നു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചെയർപേഴ്സൺ ഫെബിൻ ഫ്രാൻസിസ് സ്വാഗതവും മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് ജനറൽ സെക്രട്ടറി കൃഷ്ണപ്രിയ പി. പി നന്ദിയും പറഞ്ഞു. ദേശീയ ഗാനം ആലാപനത്തോടെ യോഗം അവസാനിച്ചു. പിന്നീട് ആർട്ട്സ് ഡേയുടെ ഭാഗമായി മൂന്ന് കോളേജുകളിലെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ മത്സരങ്ങൾ നടന്നു. വൈകീട്ട് മ്യൂസിക്കൽ നൈറ്റും ഉണ്ടായിരുന്നു.