മഹാശിവരാത്രി ഇന്ന്
കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവി ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി. ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു