വടക്കുന്നാഥക്ഷേത്രത്തിൽ ശിവരാത്രിക്ക് പ്രത്യേക സുരക്ഷ
വടക്കുന്നാഥക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 40 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും. ക്ഷേത്രത്തിനുള്ളിലേക്ക് കടക്കാൻ റാമ്പ് നിർമിക്കും. വാഹനപാർക്കിങ്ങിനും പ്രത്യേക ക്രമീകരണങ്ങൾ കൊണ്ടുവരും. ആഘോഷത്തിന്റെ സുരക്ഷാക്രമീകരണങ്ങളെകുറിച്ച് ചർച്ചചെയ്യാനായി പോലീസ് വിളിച്ചുചേർത്ത യോഗത്തിലാണ് ഈ തീരുമാനങ്ങൾ.17, 18 തീയതികളിൽ സ്വരാജ് റൗണ്ടിലും നഗരപ്രദേശത്തും ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുവേണ്ടി പ്രത്യേക ട്രാഫിക് ബന്തവസ് സ്കീം തയ്യാറാക്കും. ശിവരാത്രിദിവസം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കും.
ശിവരാത്രിദിവസം മൂന്ന് സബ്‌വേകളും മുഴുവൻ സമയവും തുറന്നുപ്രവർത്തിപ്പിക്കും. കതിന വെടിക്കെട്ട് നടക്കുന്ന സ്ഥലവും കരിമരുന്ന് സൂക്ഷിക്കുന്ന സ്ഥലവും പ്രത്യേകം വേലികെട്ടി സുരക്ഷിതമാക്കും.തേക്കിൻകാട് മൈതാനിയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നായ്ക്കനാൽ ഭാഗത്തും മണികണ്ഠനാൽ ഭാഗത്തും നിലവിലുള്ള വഴികൾ ഉപയോഗിക്കും. വാഹനങ്ങൾക്ക് ഇറങ്ങിപ്പോകുന്നതിന് സി.എം.എസ് സ്കൂൾ പരിസരം, നെഹ്റുപാർക്ക് പരിസരം, പാറമേക്കാവ് എക്സിബിഷൻ ഗ്രൗണ്ട് പരിസരം, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളിൽ താത്കാലിക റാമ്പ് സൗകര്യത്തോടുകൂടിയ റോഡുകൾ നിർമിക്കും.
യോഗത്തിൽ കമ്മിഷണർ അങ്കിത് അശോകൻ, അസി. കമ്മിഷണർ കെ.കെ. സജീവ്, സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ കെ. സുമേഷ്, ടൗൺ ഈസ്റ്റ് ഇൻസ്പെക്ടർ പി. ലാൽകുമാർ, വെസ്റ്റ് ഇൻസ്പെക്ടർ ടി.പി. ഫർഷാദ്, ട്രാഫിക് എൻഫോഴ്സ്‌മെന്റ് വിഭാഗം സബ് ഇൻസ്പെക്ടർ പി. ബിനൻതുടങ്ങിയവർ പങ്കെടുത്തു.