
സംസ്ഥാന ക്ഷീര സംഗമത്തിന് മണ്ണുത്തിയില്‍ പ്രൗഢമായ തുടക്കം
ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
സംസ്ഥാന ക്ഷീരസംഗമം പടവ് 2023നു മണ്ണുത്തി വെറ്ററിനറി കോളേജ് കാമ്പസില്‍ പ്രൗഢമായ തുടക്കം. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിധ്യത്തില്‍ റവന്യു മന്ത്രി കെ രാജന്‍ പതാക ഉയര്‍ത്തിയതോടെയാണ് ഫെബ്രുവരി 15 വരെ നീളുന്ന മഹാസംഗമത്തിന് തുടക്കമായത്. ക്ഷീര സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 13ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
ക്ഷീരസംരക്ഷണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായ കാലഘട്ടമാണിതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവയുടെ ഉത്പാദനവും സംഭരണവും വിതരണവും വിപണനവും ഉറപ്പുവരുത്താന്‍ കഴിയുന്ന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഇത് നടപ്പാവുന്നതോടെ കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്ക് ഗുണകരമായ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതങ്ങള്‍ കൂടി ലഭ്യമാക്കി പദ്ധതികള്‍ നടപ്പാക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന വലിയ ലക്ഷ്യവുമായാണ് മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിവിധ മേഖലകളിലെ കര്‍ഷകരുടെ സംഗമങ്ങള്‍ നടത്തുന്നതിനും ഇനിയുള്ള ക്ഷീര സംഗമങ്ങള്‍ക്കും വലിയ അനുഭവപാഠമാവുന്ന ഒന്നായി പടവ് 2023 മാറുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
ഫെബ്രുവരി 15 വരെ നടക്കുന്ന ക്ഷീര സംഗമത്തില്‍ കേരള ഡയറി എക്‌സ്‌പോ, ക്ഷീരഗാമം പദ്ധതി ഉദ്ഘാടനം, മാധ്യമ ശില്പശാല, ക്ഷീരസ്പന്ദനം, ക്ഷീരകര്‍ഷക അദാലത്ത്, കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, സാംസ്‌കാരിക ഘോഷയാത്ര, പുരോഗമനോന്മുഖ കര്‍ഷക സെമിനാര്‍, സഹകാരികള്‍ക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കുമുള്ള ശില്പശാല, സംവാദ സദസ്സ്, ക്ഷീരസഹകാരി സംഗമം, വനിതാ സംരംഭകത്വ ശില്പശാല, ക്ഷീരകര്‍ഷക മുഖാമുഖം, ദേശീയ ഡയറി സെമിനാര്‍, ഡോ. വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ് ദാനം, ക്ഷീരസഹകാരി അവാര്‍ഡ് ദാനം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം, കലാസന്ധ്യ, ക്യാമ്പസ് സന്ദര്‍ശനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി ഒട്ടേറെ പരിപാടികള്‍ നടക്കും.
പി ബാലചന്ദ്രന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, മില്‍മ ചെയര്‍മാന്‍ കെ സി മണി, റീജിയണല്‍ ചെയര്‍മാന്‍ ജയന്‍, പഞ്ചായത്ത് പ്രെസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
13ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍കുട്ടി, ജി ആര്‍ അനില്‍, വി എന്‍ വാസവന്‍, പി രാജീവ്, എം ബി രാജേഷ്, പി പ്രസാദ്, ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍,മേയര്‍ എം കെ വര്‍ഗ്ഗീസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ക്ഷീരവികസന വകുപ്പ്, മില്‍മ, കേരള ഫീഡ്‌സ്, കെ എല്‍ ഡി ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസംഘങ്ങള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആറു ദിവസം നീളുന്ന ക്ഷീര സംഗമം സംഘടിപ്പിക്കുന്നത്.
പാലുദ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക മുഖ്യലക്ഷ്യം : മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരഗ്രാമം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
കേരളത്തെ പാലുദ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സര്‍ക്കാരിന്റെ മൂന്നാമത് നൂറു ദിന പരിപാടിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാന തലഉദ്ഘാടനം മാടക്കത്തറയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ പാലുല്പാദനത്തിനു സാധ്യതയുള്ള 20 ഗ്രാമ പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 1000 ലക്ഷം രൂപ ചെലവഴിക്കും. തെരഞ്ഞെടുത്ത പഞ്ചായത്തുകള്‍ക്ക് 50 ലക്ഷം രൂപയാണ് സഹായധനമായി നല്‍കുക. പുതുതായി പശുക്കളെ വാങ്ങല്‍, തൊഴുത്തു നിര്‍മ്മാണം, തീറ്റ പുല്‍കൃഷി എന്നിവയ്ക്കായി തുക വിനിയോഗിക്കാം. തൃശൂര്‍ ജില്ലയില്‍ മാടക്കത്തറ കൂടാതെ താന്ന്യം ഗ്രാമ പഞ്ചായത്തുകൂടി ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പാലുല്‍പാദനക്ഷമതയില്‍ ദേശീയതലത്തില്‍ പഞ്ചാബാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒരു പശുവില്‍ നിന്നും ശരാശരി 14.5 ശതമാനമാണ് പഞ്ചാബിലെ ഒരുദിവസത്തെ പാല്‍ ഉല്‍പാദനം. 10.6% ഉത്പാദനക്ഷമതയുമായി കേരളം തൊട്ടുപിന്നില്‍ നില്‍ക്കുന്നു. പഞ്ചാബിന്റെ ഉത്പാദനക്ഷമതയെ മറികടക്കുക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം. നമ്മുടെ തനത് ഇനങ്ങളായ വെച്ചൂര്‍, കാസര്‍ഗോഡ് ഇനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള സംവിധാനങ്ങള്‍ വകുപ്പ് ഒരുക്കിവരികയാണ്. പാല്‍ ഉല്‍പ്പാദനക്ഷമത രണ്ട് ലിറ്റര്‍ ആണെങ്കിലും ഇവയുടെ ഉയര്‍ന്ന രോഗപ്രതിരോധശേഷിയും പ്രതികൂല കാലാവസ്ഥ തരണം ചെയ്യാനുള്ള കഴിവും പ്രയോജനപ്പെടുത്തിക്കൊണ്ട് പരമാവധി എണ്ണം വര്‍ദ്ധിപ്പിക്കാനാണ് വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
കേരളത്തില്‍ 90% സങ്കരയിനം പശുക്കളാണ് ഉള്ളത്. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡാണ് ഈ സങ്കരയിനം പശുക്കളുടെ ബീജം സൗജന്യമായി കര്‍ഷകരിലേക്ക് എത്തിക്കുന്നത്. കേരളത്തില്‍ ഒരു വര്‍ഷം 4 ലക്ഷം പശുക്കള്‍ പ്രസവിക്കുന്നു ഇതില്‍ 2 ലക്ഷം കാളക്കൂറ്റന്മാരാണ്. പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ പൂര്‍ണമായും പശുക്കളായി മാറാന്‍ വേണ്ട ബീജം വികസിപ്പിച്ചെടുക്കുന്നതിനുള്ള പരിശ്രമം വിജയത്തിനോട് അടുക്കുകയാണ്. അതിലൂടെ പാല്‍ ഉല്‍പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞവര്‍ഷം 10 ഗ്രാമപഞ്ചായത്തുകളാണ് ക്ഷീര ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം പാലുല്‍പാദന വര്‍ദ്ധനവിന് സാധ്യതയുള്ള 20 ഗ്രാമപഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ക്ക് പാല്‍വില നല്‍കുന്ന സംസ്ഥാനം കേരളമാണ്. ഇക്കഴിഞ്ഞ ജൂലായ് മാസം ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനായി മാത്രം 24 കോടി രൂപയാണ് ചിലവഴിച്ചത്. ഈ ഇനത്തില്‍ ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ഇന്‍സെന്റീവ് കിട്ടിയ കര്‍ഷകര്‍ നമ്മുടെ നാട്ടിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയതലത്തില്‍ നടക്കുന്ന എക്‌സിബിഷനില്‍ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുത്ത 10 ബാലസൗഹൃദ പ്രോജക്ടുകളില്‍ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ട മാടക്കത്തറ ഗ്രാമപഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിയിലൂടെ മാടക്കത്തറ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
മാടക്കത്തറ പഞ്ചയത്തിലെ ചിറയ്ക്കക്കോട് ശ്രീ സുബ്രഹ്മണ്യന്‍ സ്വാമി ക്ഷേത്ര ഹാളില്‍ നടന്ന ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി മുഖ്യാതിഥിയായിരുന്നു. ക്ഷീരവികസന വകുപ്പ് പ്ലാനിങ് ജോയിന്റ് ഡയറക്ടര്‍ സില്‍വി മാത്യു പദ്ധതി വിശദീകരണം നടത്തി. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹനന്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എസ് വിനയന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സീന ഷാജു, മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് ബാബു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി പ്രദീപ്കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുമനി കൈലാസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജീബ് പി എച്ച്, ഒല്ലൂക്കര സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ അരുണ്‍ പി എസ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ജി ശ്രീകല, ഗ്രാമപഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഡോ. ശരണ്യ, ചിറക്കാക്കോട് ക്ഷീരസംഘം പ്രസിഡന്റ് സുധീര്‍ എം ബി, വെള്ളാനിക്കര മാടക്കത്തറ ക്ഷീരസംഘം പ്രസിഡന്റ് പി ശ്രീനിവാസന്‍, അക്കരപ്പുറം ക്ഷീരസംഘം പ്രസിഡന്റ് കെ പ്രീതി, മാറ്റാംപുറം ക്ഷീരസംഘം പ്രസിഡന്റ് പി വി രവി, കട്ടിലപൂവം ക്ഷീരസംഘം പ്രസിഡന്റ് യു പി ജോസ്, കുണ്ടുകാട് ക്ഷീര സംഘം പ്രസിഡന്റ് എന്‍ വി മാത്യു എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
