പീച്ചി – വാഴാനി ടൂറിസം കോറിഡോർ റോഡ്: പുറമ്പോക്ക് ഭൂമിയിലെ ഒഴിപ്പിക്കൽ ജനുവരിയിൽ പൂർത്തീകരിക്കും
പീച്ചി – വാഴാനി ടൂറിസം കോറിഡോർ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നത്തിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ ജനുവരിയോടെ പൂർത്തീകരിക്കാൻ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ ഏകകണ്ഠ തീരുമാനം. ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയ സ്ഥലങ്ങളിൽ ഒഴിപ്പിക്കൽ നടപടി തുടങ്ങണമെന്നും നോട്ടീസ് കൊടുക്കാൻ ബാക്കിയുള്ളവർക്ക് ഡിസംബറോടെ നോട്ടീസ് നൽകണമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശിച്ചു. ജനുവരി മാസത്തോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തീകരിക്കണമെന്നാണ് തീരുമാനം. ഏതെങ്കിലും വിധത്തിൽ തർക്കമുണ്ടെന്ന് തോന്നിയാൽ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും.
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട് മുതൽ തെക്കുംകര ഗ്രാമപഞ്ചായത്തിലെ കരുമത്ര വരെയുള്ള 11.560 കിലോമീറ്റർ റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനായാണ് പ്രദേശത്തെ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നത്. തെക്കുംകര പഞ്ചായത്തിൽ പദ്ധതി പ്രദേശത്ത് വീടുകൾ ഒഴിപ്പിക്കാനില്ലെന്ന് യോഗത്തിൽ അധികൃതർ അറിയിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ ഒഴിപ്പിക്കാനുള്ള വീടുകളുടെ കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട പ്രദേശത്തെ പുറമ്പോക്ക് ഭൂമി പൂർണമായും ഏറ്റെടുത്തേ മതിയാകുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പീച്ചി – വാഴാനി ടൂറിസം കോറിഡോറുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഭൂമി വിട്ടു കിട്ടുന്നതിനും ഒഴിപ്പിക്കുന്നതിനും നടപടികൾ കൈക്കൊള്ളാൻ എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകുമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി വി സുനിൽകുമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി എസ് വിനയൻ, സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, കെ ആർ എഫ് ബി (കേരള റോഡ് ഫണ്ട് ബോർഡ് ) അസി. എക്സി. എഞ്ചിനീയർ സജിത് ഇ ഐ, കെ ആർ എഫ് ബി അസി. എഞ്ചിനീയർ മൈഥിലി ഐ എസ്, തെക്കുംകര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡോ. ടി എൻ ബിന്ദു, റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികൾ , രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.