നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിനനുസരിച്ചുള്ള പൊലീസ് സേനയാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു
പരിശീലനം പൂര്‍ത്തിയാക്കി 164 എസ് ഐ മാരും സ്പെഷല്‍ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുത്ത 123 സിപിഒമാരും പുറത്തിറങ്ങി
നമ്മുടെ നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിന് അനുസൃതമായ പൊലീസ് സേനയാണ് വേണ്ടതെന്നും ഒരു പ്രൊഫഷണല്‍ സംവിധാനമായി പൊലീസ് സേന മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ മുപ്പത് സി ബാച്ചിലെ 164 സബ്ബ് ഇന്‍സ്‌പെക്ടര്‍മാരുടെയും സ്പെഷല്‍ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുത്ത 123 സിവിൽ പൊലീസ് ഓഫീസർമാരുടെയും പാസ്സിംഗ് ഔട്ട് പരേഡില്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചശേഷം, സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തകാലത്ത് സേനയില്‍ വന്നെത്തുന്നവര്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. സേനയ്ക്ക് പ്രൊഫഷണല്‍ മുഖം നൽകി വിജയകരമായി പ്രവര്‍ത്തിക്കാന്‍ അവർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമാകുന്ന എല്ലാ സേനാംഗങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
പ്രാദേശിക വാർത്ത whatsapp വഴി ലഭിക്കുന്നതിന് Link click ചെയ്യുക
https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0
പരിശീലനത്തിന് അതിന്റേതായ പ്രധാന്യമുണ്ട്. പഴയ കാലത്ത് ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപകരണമായാണ് പൊലീസിനെ കണ്ടത്. അതിന്റെ ഭാഗമായുള്ള പ്രത്യേക പരിശീലന രീതികള്‍ അന്ന് ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം വലിയ മാറ്റങ്ങള്‍ സേനയിലുണ്ടായി. പഴയതില്‍ തിരുത്തലുകള്‍ വരുത്തിയെങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനയെ ജനാഭിമുഖ്യത്തോടെയുള്ള സേനയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ വേണം. ഈ കാലം പൊലീസിന്റെ പുതിയമുഖം വെളിവാക്കപ്പെട്ട കാലമാണ്. കോവിഡിനെ ഫലപ്രദമായി നേരിട്ട് പൊലീസ് സേന പ്രശംസ പിടിച്ചുപറ്റി. എല്ലാവരും അടച്ചിരിക്കുമ്പോള്‍ ഡ്യൂട്ടിയുടെ ഭാഗമായി വെയിലും മഞ്ഞുമേറ്റ് കര്‍ത്തവ്യം കൃത്യമായി നിര്‍വഹിച്ചു. ഇപ്പോള്‍ പുറത്തിറങ്ങുന്നത് ആധുനികമായ പരിശീലനം ലഭിച്ചിട്ടുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ സേവിക്കുന്നതിന് വേണ്ടി നിയമം അനുശാസിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പറഞ്ഞു. പി ബാലചന്ദ്രന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ എഡിജിപി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ഐ.ജി.പി (ട്രെയിനിംഗ്) കെ എസ് സേതുരാമന്‍, തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എ.അക്ബര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പൊലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
മുപ്പതാമത് സി ബാച്ച് പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവര്‍ക്ക് ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ട്രോഫികള്‍ വിതരണം ചെയ്തു. സബ് ഇന്‍സ്പക്ടര്‍മാരില്‍, ബെസ്റ്റ് ഇന്‍ഡോറായി കോഴിക്കോട് പന്തീരംകാവ് സ്വദേശി ശൈലേശ് വി.വി, ബെസ്റ്റ് ഔട്ട് ഡോറായി പരേഡ് കമാണ്ടർ കൂടിയായ മലപ്പുറം ഹാജിയാര്‍ പള്ളി സ്വദേശി നുഹ്‌മാന്‍ എന്‍, ബെസ്റ്റ് ഷൂട്ടര്‍ മലപ്പുറം കാളമ്പാടി സ്വദേശി ഹബീബ് എം എന്നിവര്‍ ട്രോഫിയും മെഡലും സ്വന്തമാക്കി. ബെസ്റ്റ് ഓള്‍ റൌണ്ടറായി മലപ്പുറം സ്വദേശി നുഹ്‌മാന്‍ എന്‍ തിരഞ്ഞെടുക്കപ്പെട്ടു.
പുരുഷന്മാര്‍ക്കൊപ്പം തന്നെ സ്ത്രീകള്‍ക്കും സബ് ഇന്‍സ്പെക്ടര്‍ പോസ്റ്റിലേക്ക് പ്രവേശനം നല്‍കുന്ന അഞ്ചാമത് ബാച്ചാണ് മുപ്പതാമത് സി ബാച്ച്. ബാച്ചില്‍ 142 പുരുഷന്മാരും 22 വനിതകളുമാണ് ഉള്ളത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേരാണ് ഈ ബാച്ചിലുള്ളത്. 1 എം.ടെക്, 30 ബി.ടെക്, 5 എം.സി.എ., 3 എം.ബി.എ., 1 ബി.ബി.എ., 25 ബിരുദാനന്തര ബിരുദധാരികള്‍, 99 ബിരുദധാരികള്‍ എന്നിങ്ങനെയാണ് പരിശീലനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതകള്‍. ഇവരില്‍ ഭൂരിഭാഗം പേരും മുന്‍പ് സര്‍ക്കാര്‍ ഉദ്യോഗം വഹിച്ചിരുന്നവരാണ്. നാല് പേര്‍ കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും 144 പേര്‍ സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായിരുന്നു.
സ്പെഷല്‍ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുത്ത 123 പേരുടെ പാസിങ് ഔട്ട് പരേഡ് നടന്നു
പൊലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന സ്പെഷല്‍ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുത്ത 123 പേരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈനായി സംബന്ധിച്ചു. കമാണ്ടന്റ് ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്‍ ഡി ഐ ജി ആംഡ് പൊലീസ് ബറ്റാലിയന്‍സ് ഇന്‍ ചാര്‍ജ് പി പ്രകാശ് നേരിട്ട് പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ച് ബെസ്റ്റ് കാഡറ്റുകള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ബെസ്റ്റ് ഇന്‍ഡോറായി ഷിജു, ബെസ്റ്റ് ഷൂട്ടറായി സായൂജ്, ബെസ്റ്റ് ഔട്ട്ഡോർ, ബെസ്റ്റ് ഓള്‍ റൗണ്ടര്‍ മെന്‍ എന്നിവയായി സജിന്‍, ബെസ്റ്റ് ഓള്‍ റൗണ്ടര്‍ വുമണ്‍ ആയി അജിത ഗണേശന്‍ എന്നിവര്‍ ട്രോഫികള്‍ ഏറ്റുവാങ്ങി.
ആദിവാസി മേഖലയില്‍നിന്ന് പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ടവരാണ് സംസ്ഥാന സര്‍ക്കാര്‍ സ്പെഷല്‍ റിക്രൂട്ട്മെന്റ് വഴി പൊലീസ് സേനയുടെ ഭാഗമായത്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വനമേഖലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണിവര്‍. വയനാട് നിന്നും 84 പേരും പാലക്കാട്ടുനിന്ന് 25 പേരും മലപ്പുറത്തുനിന്ന് പതിനാലുപേരുമുണ്ട്. ഇതില്‍ 36 പേര്‍ വനിതകളാണ്. പരിശീലനം പൂര്‍ത്തിയാക്കിയ ഇവരില്‍ 12 പേര്‍ ബിരുദമുള്ളവരാണ്. ഒരാള്‍ ബിരുദാനന്തര ബിരുദത്തിനുശേഷം ബി.എഡ് നേടിയിട്ടുണ്ട്. ഒരാള്‍ ബി.ബി.എ പാസ്സായി. രണ്ടു പേര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ്. ബാക്കിയുളളവര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവരുമാണ്. പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി, കുറിച്യ, കുറുമ വിഭാഗത്തില്‍പ്പെട്ട ഗോത്ര വിഭാഗക്കാരാണ് മുഴുവനും.