
ദൈവത്തിന്റെ സ്വന്തം നാട് മയക്കുമരുന്നിന്റെ ഉപയോഗം മൂലം വീണ്ടും ഭ്രാന്താലയമായി മാറരുത് ; പി.കെ. ഡേവിസ് മാസ്റ്റർ
കേരളത്തെ ലഹരി വിമുക്തമാക്കാൻ കൌമാരപ്രായക്കാരായ വിദ്യാർത്ഥികൾക്ക് മുഖ്യ പങ്ക് വഹിക്കാനാകും. അതിനായി കോളേജ് വിദ്യാർത്ഥികൾ മുന്നോട്ടിറങ്ങി കേരളത്തെ ലഹരി വിമുക്തമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ . തൃശൂർ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിലെ ഒക്ടോബർ 2 ന് തുടങ്ങിയ ലഹരി വിരുദ്ധ യജ്ഞത്തിന്റെ സമാപന യോഗത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നിലവിളക്ക് കൊളുത്തിക്കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നടത്തിയത്.

യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചുവന്നമണ്ണ് വാർഡ് മെമ്പർ ബിജോയ് ജോസ് കോളേജ് പി.ആർ. ഓ പ്രസാദ് കെ.വി. തുടങ്ങിയവർ ആശംസകൾ നേർന്നു. കോളേജ് വൈസ് പ്രിൻസിപ്പാൾ അസി. പ്രൊഫ. നീതു കെ. ആർ. സ്വാഗതവും മലയാളം വിഭാഗം മേധാവി അസി.പ്രൊഫ. ലജിത കെ.വി നന്ദിയും പറഞ്ഞു. ഇതിന് പുറമെ ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പേയിനും പി.കെ. ഡേവീസ് മാസ്റ്റർ പ്രത്യേകം തയ്യാറാക്കിയ ബോർഡിൽ ഒപ്പ് വച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. കൂടാതെ കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ “മനുഷ്യ ശൃംഖല” തീർത്തു. വഴുക്കുമ്പാറ കോളജ് റോഡ് ജങ്ഷൻ മുതൽ ചുവന്നമണ്ണ് പള്ളിവരെ നീണ്ട മനുഷ്യശൃംഖലയിൽ വാർഡ് മെമ്പർ ബിജോയ് ജോസും പങ്കു ചേർന്നു.




