November 22, 2024

ദുരന്ത സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം; അതിരപ്പിള്ളി പണ്ടാരംപാറയില്‍ മോക്ക്ഡ്രിൽ

Share this News

ദുരന്ത സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം; അതിരപ്പിള്ളി പണ്ടാരംപാറയില്‍ മോക്ക്ഡ്രില്‍

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങി ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം എപ്രകാരമായിരിക്കണമെന്ന് മോക്ക്ഡ്രില്ലിലൂടെ അവതരിപ്പിച്ച് തൃശൂര്‍ റൂറല്‍ പൊലീസും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും. അതിരപ്പിള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പണ്ടാരംപാറയിലാണ് മോക്ക്ഡ്രില്‍ സഘടിപ്പിച്ചത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതും മാറ്റി പാര്‍പ്പിക്കുന്നതുമായിരുന്നു മോക്ക്ഡ്രില്ലിന്റെ ആദ്യ ഭാഗം.പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്ത് എത്തിക്കുന്നത് വിശദീകരിച്ചു.

ഉരുള്‍പൊട്ടലില്‍ പുഴയിലും ചെളിയിലും കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്ത് എടുക്കുന്നത് വിശദീകരിക്കുന്നതായിരുന്നു രണ്ടാംഘട്ടം.
സൈറണിട്ട് നിരവധി ആംബുലന്‍സുകളും പണ്ടാരംപാറയിലേയ്ക്ക് എത്തി. മെഡിക്കല്‍ ടീം പ്രാഥമിക ശുശ്രൂഷ നല്‍കി സ്‌ട്രെച്ചറില്‍ കിടത്തി ആംബുലന്‍സില്‍ ഓരോരുത്തരെയായി ആശുപത്രികളിലേയ്ക്ക് കൊണ്ടുപോയി. പൊലീസും അഗ്നിശമനസേനയും ആളുകളെയും വാഹനങ്ങളെയും സ്ഥലത്തു നിന്നും മാറ്റി. അപകടത്തില്‍പെട്ടവരെ പുറത്ത് എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ടീം അംഗങ്ങള്‍ വിശദീകരിച്ചു. മണ്ണിടിച്ചില്‍ ഉണ്ടായ ഇടങ്ങളില്‍ മരങ്ങള്‍ മുറിച്ചുമാറ്റി രക്ഷാപ്രവര്‍ത്തനം നടത്തുന്ന രീതി എന്‍ഡിആര്‍എഫ് മോക്ക്ഡ്രില്ലിലൂടെ അവതരിപ്പിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. പ്രദേശവാസികളെ ക്യാമ്പുകളിലേയ്ക്കും സുരക്ഷിത ഇടങ്ങളിലേയ്ക്കും മാറ്റി.

2018-ല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്ത പ്രദേശമാണ് പണ്ടാരംപാറ. പ്രദേശവാസികള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് അവബോധം നല്‍കലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളുടെയും സഹായത്തോടെ സമയബന്ധിതമായി എപ്രകാരം പൂര്‍ത്തീകരിക്കാനാകുമെന്നും കാണിക്കുകയായിരുന്നു മോക്ക്ഡ്രില്ലിലൂടെ ഉദ്ദേശിച്ചത്.

ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) കെ എസ് പരീത്, തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെ, ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ് പി സുധീരന്‍, പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗം, വനംവകുപ്പ്, മോട്ടോര്‍ വെഹിക്കിള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മോക്ക്ഡ്രില്ലില്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!