
പട്ടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഒല്ലൂർ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ അഭംഗുരം തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.
പട്ടിക്കാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 3.90 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സ്ഥലം എംഎൽഎ കൂടിയായ മന്ത്രി. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രത്യേക സന്ദേശം വഴി പുതിയ കെട്ടിടത്തിന് ഉദ്ഘാടനം നിർവഹിച്ചു.
പട്ടിക്കാട് സ്കൂളിൽ മാത്രം എട്ടു വർഷം കൊണ്ട് ഏകദേശം 18 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ എംഎൽഎ എന്ന നിലയിൽ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. സ്കൂളിലെ ഒരു പഴയ കെട്ടിടം കൂടി പുതുക്കി നിർമ്മിച്ചു നൽകണമെന്ന ആവശ്യം പിടിഎയും അധ്യാപകരും മുന്നോട്ടുവച്ചിരുന്നു. ഇത് പരിഗണിച്ച് പുതിയൊരു കെട്ടിടം കൂടി നിർമ്മിക്കുവാൻ സർക്കാർ ഫണ്ടോ എംഎൽഎ ഫണ്ടോ വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
പാണഞ്ചേരിയിലെ തന്നെ പീച്ചി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൂന്നര കോടി ചെലവിൽ പീച്ചി സ്കൂൾ ഗ്രൗണ്ട് നവീകരിച്ച് ഫ്ലഡ്ലെറ്റ് സംവിധാനത്തോടെയുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം മാർച്ച് മാസത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വിഎസ് പ്രിൻസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അനിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ടി ജലജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ അബൂബക്കർ, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അജിതകുമാരി, എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്മിത, സ്കൂൾ പ്രിൻസിപ്പൽ സി കെ സുനന്ദ, പിടിഎ പ്രസിഡണ്ട് ബിജു വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ സ്വാഗതവും പട്ടിക്കാട് സ്കൂൾ പ്രധാന അധ്യാപിക വി കെ ശൈലജ നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

