
വഴക്കുംപാറയിൽ വീണ്ടും രൂക്ഷമായ കാട്ടാന ആക്രമണം; കർഷകർക്ക് വൻനാശനഷ്ടം
കഴിഞ്ഞ രണ്ട് ദിവസമായി വഴക്കുംപാറയിലും പരിസരത്തെ ജനവാസമേഖലകളിലും കാട്ടാനക്കൂട്ടം ഇറങ്ങുകയും കൃഷിയും, വസ്തുവകകളും വൻതോതിൽ നശിപ്പിക്കുകയും ചെയ്തു. വഴക്കുംപാറ സ്വദേശിനി കുറ്റിയിൽ സബിത ജയകുമാറിന്റെ രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിരുന്ന മൂന്നുവർഷം വളർച്ചയെത്തിയ കായ്ഫലം നൽകാറായ 250 തെങ്ങുകളും 40 കിലോയ്ക്ക് അടുത്ത് തൂക്കം വരുന്ന 1600 കുലച്ച സ്വർണ്ണമുഖി വാഴകളും പൂർണ്ണമായി നശിപ്പിക്കുകയും, ഭൂമിയുടെ സംരക്ഷണത്തിന് ഇട്ടിരുന്നു രണ്ട് ലക്ഷം രൂപ ചെലവ് വരുന്ന കമ്പിവേലികളും, ജലസേചനത്തിന് ഉപയോഗിക്കുന്ന പൈപ്പുകളും പുനരുപയോഗം സാധ്യമാകാത്ത വിധത്തിൽ ആനക്കൂട്ടം നശിപ്പിച്ചു.എല്ലാം കൂടി ഏകദേശം 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഒരു കൃഷിയിടത്തിൽ മാത്രം ഉണ്ടാക്കിയിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളും ദിവസേന ഇതുതന്നെയാണ് സംഭവിക്കുന്നത്. വാർഡ് മെമ്പർ കെ പി ചാക്കോച്ചൻ ആവശ്യപ്പെട്ടതനുസരിച്ച് പഞ്ചായത്ത് പ്രസിഡൻ്റും മെമ്പർമാരും ബന്ധപ്പെട്ട ഫോറസ്റ്റ് അധികാരികളും സംഭവം സ്ഥലം സന്ദർശിക്കുകയുണ്ടായി. സോളാർ വേലി കേടു വന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും മനുഷ്യജീവനും, വസ്തുവകകൾക്കും യാതൊരു വിലയും കൽപ്പിക്കാത്ത രീതിയിൽ ബന്ധപ്പെട്ട അധികാരികൾ മുന്നോട്ടു പോയാൽ അത് കയ്യുംകെട്ടി നോക്കി നിൽക്കാൻ ആകില്ല എന്ന് കെ പി ചാക്കോച്ചൻ ആരോപിച്ചു. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനും, നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റും
ഡി എഫ് ഒ യും ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ സമരപരിപാടികൾ നടത്തുന്നില്ല എന്നും, ഉറപ്പുകൾ ലംഘിക്കുന്ന പക്ഷം വാർഡിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഏതറ്റം വരെയും മുന്നോട്ടു പോകുമെന്നും കെ പി ചാക്കോച്ചൻ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

