
മണലി പുഴയ്ക്കു കുറുകെ നടത്തറ പുത്തൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജിന് മന്ത്രിസഭ 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.
നടത്തറ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കൈനൂർ ചിറയിൽ റെഗുലേറ്റർ കം ബ്രിഡ്ജ് വേണമെന്ന കാലങ്ങളായുള്ള ആവശ്യത്തിനാണ് മന്ത്രിസഭയുടെ അനുമതി ലഭിച്ചിരിക്കുന്നത്. ഇരു കരകളിലേക്കുമുള്ള ഗതാഗതത്തിനപ്പുറം പ്രദേശത്തെ കാർഷികാവശ്യങ്ങൾക്ക് വലിയ തോതിലുള്ള സഹായമായി പദ്ധതി മാറും. ഒപ്പം പരിസങ്ങളിലെ കിണർ റീച്ചാർജിങ്ങിനും ഭൂഗർഭജല വർധനവിനും ഗുണം ചെയ്യും.
2018ലെ പ്രളയക്കെടുതിയിൽ കൈനൂർ ചിറയ്ക്ക് നാശം സംഭവിച്ചിരുന്നു. റെഗുലേറ്റർ കം ബ്രിഡ്ജിനൊപ്പം ഇരുകരകളിലും നിലവിലുള്ള റോഡുകളിലേക്ക് അപ്രോച്ച് റോഡുകൂടി ഉൾപ്പെടുത്തി പുനർനിർമ്മിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ രാജൻ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

