
പുത്തൂർ സുവോളജിക്കൽ പാർക്ക് ജൂണിൽ പ്രവർത്തനം തുടങ്ങും
പുത്തൂർ സുവോളജിക്കൽ പാർക്ക് അടുത്ത വർഷം ജൂണിൽ തുറക്കുമെന്ന് മന്ത്രിമാരായ കെ.രാജൻ, എ.കെ. ശശീന്ദ്രൻ എന്നിവർ അറിയിച്ചു. 6 ഘട്ടങ്ങളായി നിർമാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത്, ഓരോ ആഴ്ചയും പുരോഗതി വിലയിരുത്താൻ അവലോകന യോഗം ചേരാനും തീരുമാനിച്ചതായി മന്ത്രിമാർ പറഞ്ഞു. കൊണ്ടുവരുന്ന പക്ഷി മൃഗാദികൾക്ക് സുരക്ഷിതമായി താമസിക്കാനാവുന്ന ആവാസവ്യവസ്ഥ ഒരുക്കുന്നതിനാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ ആവാസ ഇടങ്ങളുടെ നിർമാണം പൂർത്തിയായി.
ചീങ്കണ്ണി, കലമാൻ, പുള്ളിമാൻ, പന്നിമാൻ, കൃഷ്ണമൃഗം, പുലി, കടുവ, സിംഹം എന്നിവയ്ക്കുള്ള ആവാസവ്യവസ്‌ഥ നിർമാണം ഭാഗികമായി പൂർത്തിയായി. ചുറ്റുമതിലിന്റെയും നാല് കിലോമീറ്റർ ദൂരത്തിലുള്ള സർവീസ് റോഡിന്റെയും ആറ് കിലോമീറ്റർ വരുന്ന സന്ദർശക പാതയുടെയും നിർമാണം പൂർത്തിയായതായും അധികൃതർ പറഞ്ഞു. പാർക്കിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന പണികൾ പൂർത്തിയായി.
ഇന്ത്യയിൽ പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യ മൃഗശാലയായിരിക്കും പുത്തൂരിലേതെന്ന് കെ.രാജൻ പറഞ്ഞു. തൃശൂർ മൃഗശാലയിൽ നിന്നുള്ള മുഴുവൻ മൃഗങ്ങളെയും മാറ്റുന്നത് മാർച്ച് മാസത്തോടെ പൂർത്തിയാക്കും. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്‌ണൻ, ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, സുവോളജിക്കൽ പാർക്ക് സ്പെഷൽ ഓഫിസർ കെ. ജെ. വർഗീസ്, സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ കെ.കെ. സുനിൽകുമാർ എന്നിവരും മന്ത്രിമാർ ക്കൊപ്പമുണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
