January 28, 2026

ഇന്ന് ദേശീയ വിര വിമുക്ത ദിനം

Share this News

എല്ലാ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകണം

ഇന്ന് ദേശീയ വിര വിമുക്ത ദിനം

വിരബാധ കുട്ടികളുടെ വളർച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമായതിനാൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ 14 വയസ് വരെയുളള 64% കുട്ടികളിൽ വിരബാധയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഒരു വർഷത്തിൽ 6 മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം വിര നശീകരണത്തിനുള്ള ഗുളിക നൽകേണ്ടതാണ്. സ്‌കൂളുകളും അംഗണവാടികളും വഴി കുട്ടികൾക്ക് വിര നശീകരണത്തിനായി ആൽബൻഡസോൾ ഗുളിക നൽകിവരുന്നു. എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചുവെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

നവംബർ 26-നാണ് ഈ വർഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത്. അന്നേദിവസം വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് അവിടെനിന്നും വിദ്യാലയങ്ങളിൽ എത്താത്ത 1 മുതൽ 19 വയസുവരെ പ്രായമുളള കുട്ടികൾക്ക് അങ്കണവാടികളിൽ നിന്നും ഗുളിക നൽകുന്നതാണ്. ഏതെങ്കിലും കാരണത്താൽ നവംബർ 26-ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ഡിസംബർ 3-ന് ഗുളിക നൽകുന്നതാണ്. ഈ കാലയളവിൽ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഈ പ്രായത്തിലുളള കുട്ടികൾ ഗുളിക കഴിച്ചിട്ടില്ലെങ്കിൽ അവർക്ക് ഗുളിക നൽകേണ്ടതാണ്.

ഒന്ന് മുതൽ 2 വയസുവരെ അര ഗുളികയും (200 മില്ലിഗ്രാം), 2 മുതൽ 19 വയസുവരെ ഒരു ഗുളികയും (400 മില്ലിഗ്രാം) നൽകണം. ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെളളത്തിൽ ഗുളിക അലിയിച്ചു കൊടുക്കണം. മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെളളം കുടിക്കുകയും വേണം. അസുഖമുളള കുട്ടികൾക്ക് ഗുളിക നൽകേണ്ടതില്ല. അസുഖം മാറിയതിനു ശേഷം ഗുളിക നൽകാവുന്നതാണ്. ഗുളിക കഴിച്ചതിനു ശേഷം സാധാരണയായി ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല. എന്നാൽ വിരബാധ കൂടുതലുളള കുട്ടികളിൽ ഗുളിക കഴിക്കുമ്പോൾ അപൂർവമായി വയറുവേദന, ഛർദ്ദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയവ ഉണ്ടായോക്കാം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!