മണ്ഡലകാലം ആരംഭം
ഇന്ന് വൃശ്ചികം ഒന്ന്. എല്ലാ വഴികളും ഇനി കാനനപാതയിലേയ്ക്ക്. 41 ദിവസത്തെ കഠിനവ്രതമെടുത്ത് ഇരുമുടിക്കെട്ടുകളുമായി എത്തുന്ന അയ്യപ്പൻമാരുടെ ശരണം വിളികളാൽ സന്നിധാനം മുഖരിതമാകും. മലയാള മാസം വൃശ്ചികം ഒന്നു മുതൽ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടർന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം പത്തിന് നടക്കുന്ന ഗുരുതി വരെയുമാണ് ശബരിമലയിലെ തീർത്ഥാടന കാലയളവ്.ധനു പതിനൊന്നിന് മണ്ഡല പൂജ കഴിഞ്ഞാൽ അഞ്ചു ദിവസം നടയടച്ച ശേഷമാണ് സംക്രമ പൂജയ്ക്ക് വേണ്ടി നട തുറക്കുന്നത്. സംക്രമ പൂജ കഴിഞ്ഞാൽ ഗുരുതി വരെയുള്ള ദിവസങ്ങളിലും തീർത്ഥാടകർ വളരെ കുറവായിരിക്കും അങ്ങിനെ കണക്കു കൂട്ടിയാൽ കേവലം 55 ദിവസം കൊണ്ടാണ് ജന കോടികൾ ദർശന പുണ്യം നേടാനായി ശബരിമലയിലെത്തുന്നത്. ഏകദേശ കണക്കനുസരിച്ച് നാല് കോടി ഭക്തരെങ്കിലും ശബരിമലയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്.കടൽ നിരപ്പിൽ നിന്നും ഏതാണ്ട് തൊള്ളായിരം മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിൻ്റെ സ്ഥാനം. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധർമ്മശാസ്‌താ പ്രതിഷ്ഠ അതിനാൽ ഋതുമതി പ്രായ ഗണത്തിലുള്ള (പത്ത് മുതൽ അമ്പത്തഞ്ച് വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല. ശബരിമലയെ ചുറ്റിയുള്ള പതിനെട്ട് മല മുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഈ മലകളിൽ ക്ഷേത്രങ്ങളോ, ക്ഷേത്രാവശിഷ്‌ടങ്ങളോ ഇന്നും കാണാം. മഹിഷി വധത്തിന് ശേഷം അയ്യപ്പൻ ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു.