January 31, 2026

അനധികൃത മത്സ്യബന്ധനം;  ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു

Share this News
അനധികൃത മത്സ്യബന്ധനം;  ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു

അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി.  എറണാകുളം മുനമ്പം പള്ളിപ്പുറം ദേശത്ത് നിധീഷിന്റെ ഉടമസ്ഥതയിലുള്ള ‘ശ്രീശാസ്താ’  പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള) 800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ് സെന്ററുകളിലും നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ്റെ ഭാഗമായാണ് നടപടി. 

ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച് വരുന്നതിനിടയിലാണ് ബോട്ട് പിടികൂടിയത്.    തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച്  2,50,000/- പിഴ സർക്കാരിലേക്ക് ഈടാക്കി. ഉപയോഗ യോഗ്യമായ 70,000/- രൂപയുടെ മത്സ്യം ലേലംചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് കടലിൽ നിക്ഷേപിച്ചു.

ഫിഷറീസ് ഹാച്ചറി അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. സീമ, എ.എഫ്.ഇ.ഒ സംന ഗോപൻ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ് & വിജിലൻസ് വിങ് വിഭാഗം ഓഫീസർമാരായ വി എൻ പ്രശാന്ത് കുമാർ, ഇ. ആർ ഷിനിൽകുമാർ, വി എം ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ പ്രസാദ്, ഫസൽ എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.
വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും സ്പെഷൽ ടാസ്ക് സ്ക്വാഡുകളുടെ  പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി സുഗന്ധകുമാരി  അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!