March 14, 2026

പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം

Share this News

കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.12 വർഷത്തിനു ശേഷമാണ് മലയാളത്തിനു പുരസ്കാരം ലഭിക്കുന്നത്.  2012 ൽ സുഗതകുമാരിയിലൂടെയാണ് മലയാളത്തിലേക്ക് അവസാനമായി പുരസ്‍കാരം എത്തിയത്. 1995ല്‍ ബാലാമണിയമ്മയ്ക്കും 2005ല്‍ കെ അയ്യപ്പ പണിക്കര്‍ക്കും പുരസ്കാരം ലഭിച്ചു.

പുരസ്കാര നിർണയ നടപടികൾക്കു നേതൃത്വം നൽകിയതു സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി അധ്യക്ഷനായ സമിതിയാണ്.  22 ഭാഷകളിൽനിന്നുള്ള പുസ്തകങ്ങള്‍ പരിഗണിച്ചു. സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‍കാരമാണ് സരസ്വതി സമ്മാൻ.

സരസ്വതി സമ്മാൻ ലഭിച്ച പ്രഭാവർമയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. മലയാള സാഹിത്യത്തിന് ഇനിയുമേറെ സംഭാവനകൾ നൽകാൻ പ്രഭാവർമയ്ക്ക് കഴിയട്ടെയെന്നും അദ്ദേഹത്തിന്റെ കാവ്യജീവിതം കൂടുതൽ തിളക്കത്തോടെ ജ്വലിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!