January 29, 2026

തൃശൂർ ഇ ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് റവന്യൂ മന്ത്രി കെ രാജൻ

Share this News

തൃശൂർ ഇ ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. മാടക്കത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിന് കീഴിലെ ജില്ലയിലെ എല്ലാ ഓഫീസുകളെയും ഇ-ജില്ലയിലേയ്ക്ക് കൂട്ടിയോജിപ്പിക്കാനുളള ശ്രമം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഫലം കാണുമെന്നും മന്ത്രി പറഞ്ഞു.  ഈ സാമ്പത്തിക വർഷത്തിൽ മലയോര – ആദിവാസി മേഖലകളിൽ പട്ടയത്തിന് അപേക്ഷ നൽകിയ മുഴുവൻ പേരുടെയും പട്ടയ അപേക്ഷകൾ പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ വില്ലേജുകളിലൂടെ അദാലത്ത് നടത്തി പുതിയ അപേക്ഷകൾ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.


കോവിഡ് പ്രതിസന്ധിക്കിടയിലും 54535 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാൻ സർക്കാരിനായി. സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും ബൃഹത്തായ പട്ടയമേളയ്ക്ക് നേതൃത്വം നൽകാൻ റവന്യൂ വകുപ്പിന് കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. വില്ലേജ് ഓഫീസുകൾക്ക് ജനകീയ മുഖം നൽകാൻ കഴിയണമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ ചടങ്ങിൽ പറഞ്ഞു. 
ജനങ്ങളുടെ പ്രശ്നങ്ങൾ അവർക്കിടയിൽ നിന്ന് കേട്ട് പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.

യോഗത്തിൽ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡൻ്റ് കെ ആർ രവി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹനൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻ്റ് സണ്ണി ചെന്നിക്കര, റവന്യൂ ഡിവിഷൻ ഓഫീസർ പി എ വിഭൂഷണൻ, തഹസിൽദാർ ടി ജയശ്രീ എന്നിവർ പങ്കെടുത്തു.

സ്മാർട്ട് കരുത്തിൽ ഒല്ലൂക്കര ബ്ലോക്ക് വില്ലേജ് ഓഫീസുകൾ

പൊതുജനങ്ങൾക്ക് മികച്ച സേവനം കൂടുതൽ വേഗത്തിൽ ഉറപ്പാക്കാൻ ഒല്ലൂക്കര ബ്ലോക്കിലെ നാല് ഗ്രാമപഞ്ചായത്തുകളിലായി ആറ് സ്മാർട്ട് വില്ലേജുകൾ ഒരുങ്ങുന്നു. ഒല്ലൂക്കര, പാണഞ്ചേരി, നടത്തറ, മുളയം, മാന്ദാമംഗലം, മാടക്കത്തറ എന്നീ വില്ലേജ് ഓഫീസുകളാണ് സ്മാർട്ടാകുന്നത്. ഒല്ലൂക്കര, പാണഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തിയായി.നടത്തറ വില്ലേജ് ഓഫീസ് നിർമ്മാണം പുരോഗമിക്കുകയാണ്. മുളയം, മാന്ദാമംഗലം, മാടക്കത്തറ വില്ലേജ് ഓഫീസുകളുടെ തറക്കല്ലിടൽ പുർത്തിയായി. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണ ചുമതല. 2021-22 പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് വില്ലേജ് ഓഫീസുകൾ നവീകരിക്കുന്നത്.



മാടക്കത്തറയിൽ 1300 സ്ക്വയർ ഫീറ്റിൽ ഒരുങ്ങുന്ന ഇരുനില കെട്ടിടത്തിൽ ഫ്രൻ്റ് ഓഫീസ്, വില്ലേജ് ഓഫീസർ റൂം, വർക്ക് സ്പേസ്, റെക്കോർഡ് റൂം, സിറ്റിങ് ഏരിയയോടു കൂടിയ വരാന്ത, ഡൈനിംഗ് റൂം, സ്റ്റാഫ് റൂം -അംഗ പരിമിർതക്ക് വേണ്ടിയുള്ള പ്രത്യേകം ടോയ്ലെറ്റ് സൗകര്യം എന്നിവ ഉൾപ്പെടും. 1331 സ്ക്വയർ ഫീറ്റ് വീസ്തീർണത്തിലാണ്  പുത്തൂർ ഗ്രാമപഞ്ചായത്തിലെ മാന്ദാമംഗലം വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!